റമദാനിൽ വനിത കായിക മത്സരങ്ങളുമായി ക്യു.എസ്.എഫ്.എ
text_fieldsഎജുക്കേഷൻ സിറ്റി സ്റ്റേഡിയം
ദോഹ: റമദാനിൽ വ്രതവും പ്രാർഥനകളുമായി കൂടുന്നതിനിടെ ശാരീരിക ക്ഷമത ഉറപ്പാക്കാൻ ഒരുപിടി വിനോദങ്ങളുമായി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനും (ക്യു.എസ്.എഫ്.എ). വനിതകൾക്കായാണ് റമദാനിലുടനീകളം കായിക മത്സരങ്ങൾ പ്രഖ്യാപിച്ചത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽവെച്ച് 16 വയസ്സിന് മുകളിലുള്ളവർക്കായി ഫുട്ബാൾ, ബാഡ്മിന്റൺ, വോളിബാൾ, ഓട്ടമത്സരങ്ങൾ എന്നിവയുൾപ്പെടെ നാല് റമദാൻ ടൂർണമെന്റുകളാണ് വനിതകൾക്കായി സംഘടിപ്പിക്കുന്നതെന്ന് വാർത്തസമ്മേളനത്തിൽ ക്യു.എസ്.എഫ്.എ അധികൃതർ അറിയിച്ചു.
എട്ട് മുതൽ 12 വരെ ടീമുകൾക്കാണ് ഫുട്ബാൾ ടൂർണമെന്റിൽ മത്സരിക്കാവുന്നത്. ഓരോ ടീമിലും ആറു പേരായിരിക്കും കളത്തിലിറങ്ങുക. ആറു പേരെ സബ്സ്റ്റിറ്റ്യൂട്ടായും ടീമിലുൾപ്പെടുത്താം. വോളിബാളിൽ ആറ് മുതൽ 10 വരെ ടീമുകൾക്ക് മത്സരിക്കാം. ഒരു ടീമിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ആറു പേരും സബ്സ്റ്റിറ്റ്യൂട്ടായി ആറ് പേരുമാണുണ്ടാവുക. ബാഡ്മിന്റൺ ടൂർണമെന്റുകൾ ഡബ്ൾസ് അടിസ്ഥാനത്തിലായിരിക്കും നടക്കുക.
ഖത്തർ ഫൗണ്ടേഷനുമായുള്ള സഹകരണത്തിൽ ഏറെ സന്തോഷമുണ്ടെന്നും, വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന രാജ്യത്തെ പ്രധാനവേദികളിലൊന്നായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ സ്വകാര്യതയും സുരക്ഷയും പങ്കാളികൾക്ക് ഉറപ്പുനൽകുന്നതായും ക്യു.എസ്.എഫ്.എ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അൽ ദോസരി പറഞ്ഞു.
പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ക്യു.എസ്.എഫ്.എ ആപ്പിൽ തുറന്നിട്ടുണ്ടെന്നും, 16 വയസ്സിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാമെന്നും അൽ ദോസരി കൂട്ടിച്ചേർത്തു. ഫെബ്രുവരി 25 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി.
ക്യു.എസ്.എഫ്.എയുമായുള്ള പങ്കാളിത്തത്തിൽ ഖത്തർ ഫൗണ്ടേഷൻ എൻഗേജ്മെന്റ് ആൻഡ് ആക്ടിവേഷൻ സ്പെഷലിസ്റ്റ് ബുഥൈന അൽ ഖാതിർ സന്തോഷം രേഖപ്പെടുത്തി. 2018ൽ ഓക്സിജൻ പാർക്കിൽ ആരംഭിച്ച പരിപാടി 2023ലാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്ക് മാറ്റിയതെന്നും, ഇതുവരെ പതിനായിരം പേരെ പരിപാടി ആകർഷിച്ചതായും ബുഥൈന അൽ ഖാതിർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

