പുത്തനുടുപ്പുകളുമായി ഗസ്സക്കും സിറിയക്കും പെരുന്നാൾ; കാമ്പയിൻ വൻ വിജയമായി
text_fieldsഎജുക്കേഷൻ എബൗവ് ഓൾ നേതൃത്വത്തിൽ ഗസ്സയിലെ കുട്ടികൾക്ക് ഈദ് ഗിഫ്റ്റ് വിതരണം ചെയ്യുന്നു
ദോഹ: ഗസ്സയിലെയും സിറിയയിലെയും കുട്ടികൾക്കും കുടുംബങ്ങൾക്കും പെരുന്നാൾ ഒരുക്കാനുള്ള ആഹ്വാനത്തെ ആഹ്ലാദത്തോടെ വരവേറ്റ് ഖത്തറിലെ പൊതുസമൂഹം. ചെറിയ പെരുന്നാളിന് മുമ്പായി എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) നേതൃത്വത്തിൽ നടന്ന കാമ്പയിൻ വഴിയാണ് ഗസ്സ, സിറിയ നാടുകളിലെ കുട്ടികൾക്ക് പുത്തനുടുപ്പുകളും സ്കൂൾ ബാഗുകളും വലിയ തോതിൽ സമാഹരിച്ചത്. ഇ.എ.എ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസറിന്റെ സംരംഭമായ വാർഷിക ഈദ് ഗിഫ്റ്റ് കാമ്പയിൻ വഴി 60,000ത്തിലധികം പുതുവസ്ത്രങ്ങളും ബാഗുകളുമാണ് ലഭ്യമാക്കിയത്.
ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്), ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കിയ ഈദ് ഗിഫ്റ്റ് കാമ്പയിന് വമ്പൻ പ്രതികരണമാണ് ഖത്തരി സമൂഹത്തിൽ നിന്നും ലഭിച്ചത്.
2025 മാർച്ച് അഞ്ച് മുതൽ 20 വരെ നടന്ന കാമ്പയിനിൽ ഹയാത്ത് പ്ലാസ്, അൽ ഖോർ മാൾ, പ്ലേസ് വെൻഡം മാൾ, മേയറൽ സ്റ്റോഴ്സ്, മിനാറതൈൻ സെന്റർ, അൽ മുജാദല സെന്റർ, ലുലു ഹൈപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ ഖത്തറിലുടനീളമുള്ള 18 കേന്ദ്രങ്ങൾ വഴിയായിരുന്നു 60000ലധികം പുതു വസ്ത്രങ്ങളും ബാഗുകളും ശേഖരിച്ചത്.
ദുർബല സമൂഹങ്ങളെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും ശ്രമങ്ങളുടെയും ഭാഗമാണ് ഈദ് ഗിഫ്റ്റ് കാമ്പയിനെന്നും, വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവരുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുകയെന്നതും ലക്ഷ്യമിടുന്നതായും ഇ.എ.എ ഫൗണ്ടേഷൻ അൽ ഫഖൂറ പ്രോഗ്രാം ഡയറക്ടർ തലാൽ അൽ ഹുതാൽ പറഞ്ഞു.
ഖത്തർ റെഡ്ക്രസന്റുമായും ക്യു.എഫ്.എഫ്.ഡിയുമായും സഹകരിച്ച് നടപ്പാക്കിയ സംരംഭത്തിന് ഖത്തരി സമൂഹം നൽകിയ ശക്തവും ആവേശകരവുമായ ഇടപെടലിലും പ്രതികരണത്തിലും അഭിമാനിക്കുന്നുവെന്നും അൽ ഹുതാൽ കൂട്ടിച്ചേർത്തു. തുടർച്ചയായ രണ്ടാം വർഷത്തിലും ഇ.എ.എ ഫൗണ്ടേഷന്റെ ഈദ് ഗിഫ്റ്റ് കാമ്പയിനിൽ സഹകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ക്യു.ആർ.സി.എസ് ദുരിതാശ്വാസ, അന്താരാഷ്ട്ര വികസന അസി. സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് സലാ ഇബ്രാഹിം പറഞ്ഞു.
ഈ വർഷം കൂടുതൽ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത് കാമ്പയിന് കൂടുതൽ പ്രചാരം ലഭിക്കാനിടയായെന്നും, കാമ്പയിനിലുടനീളം വിജയത്തിനായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധ പ്രവർത്തകർ കർമനിരതരായിരുന്നുവെന്നും ഡോ. മുഹമ്മദ് സലാ ഇബ്രാഹിം പറഞ്ഞു. പ്ലേസ് വെൻഡോമിലെ മതലാൻ സ്റ്റോർ 73,000 റിയാലിന്റെ 1750 വസ്ത്രങ്ങളാണ് ശേഖരിച്ചത്. സ്വകാര്യ മേഖലയുടെ സംഭാവനകളും കാമ്പയിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

