ഖത്തറിലും കാണാം ഗ്രഹങ്ങളുടെ പരേഡ്
text_fieldsദോഹ: ശനി, വ്യാഴം, ശുക്രൻ, ചൊവ്വ ഉൾപ്പെടെ ആറു ഗ്രഹങ്ങൾ നേർരേഖയിൽ ആകാശത്ത് ഒന്നിക്കുന്ന ‘പ്ലാനറ്ററി പരേഡ്’ കാഴ്ച ഇത്തവണ ഖത്തറിൽനിന്നും കൺനിറയെ കാണാം. ഖത്തറിലെ വാനനിരീക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ഖത്തർ ആസ്ട്രോണമി ആൻഡ് സ്പേസ് ക്ലബും, എവറസ്റ്റർ ഒബ്സർവേറ്ററിയും ചേർന്നാണ് ശനിയാഴ്ച രാത്രിയിലെ രണ്ടു മണിക്കൂർ നേരം ഈ അപൂർവ ഗ്രഹ സംഗമത്തിന്റെ കാഴ്ചയൊരുക്കുന്നത്. ഓൾഡ് ദോഹ പോർട്ടിൽ വൈകീട്ട് ആറു മുതൽ രാത്രി എട്ടു വരെ ടെലിസ്കോപ്പിലൂടെ നിരീക്ഷക്കാനാണ് വഴിയൊരുക്കുന്നത്.
ആറു ഗ്രഹങ്ങൾ ഒന്നിക്കുന്ന അപൂർവ കാഴ്ചയാണ് പ്ലാനറ്ററി പരേഡ്. ഗ്രഹങ്ങൾ ഒരേ പാതയിലെന്നപോലെ ദൃശ്യമാകുമെന്നതാണ് പ്രത്യേകത. ശനി, വ്യാഴം, ശുക്രൻ, ചൊവ്വ ഗ്രഹങ്ങൾ ടെലിസ്കോപ്പിലൂടെ ദർശിക്കാം. എന്നാൽ, യുറാനസിനെയും നെപ്റ്റ്യൂണിനെയും കൂടി ഇതിനൊപ്പം കാണാൻ കഴിഞ്ഞേക്കുമെന്ന് എവറസ്റ്റർ ഒബ്സർവേറ്ററി സ്ഥാപകൻ അജിത് എവറസ്റ്റർ പറയുന്നു.
ബഹിരാകാശത്ത് യഥാർഥത്തിൽ നേർരേഖയിലല്ലെങ്കിലും ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ ഗ്രഹങ്ങൾ ഒരു വരിയായി നിൽക്കുന്നത് പോലെ കാണാൻ സാധിക്കുന്നതാണ് പ്ലാനറ്ററി പരേഡ്. തെളിച്ചമുള്ള ഗ്രഹങ്ങളായ ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കാനുള്ള അപൂർവ അവസരമാണ് ഈ ഗ്രഹ വിന്യാസം നൽകുന്നത്.
യുറാനസും നെപ്ട്യൂണും ഈ വിന്യാസത്തിന്റെ ഭാഗമാണെങ്കിലും തെളിച്ചക്കുറവ് കാരണം കാണാൻ സാധ്യത വിരളമായിരിക്കും. ഈ പ്രപഞ്ച വിസ്മയം ഫെബ്രുവരി മുഴുവനും തുടരുമെങ്കിലും, ആഴ്ചകൾ കഴിയുന്തോറും ഗ്രഹങ്ങളുടെ സ്ഥാനം ക്രമേണ മാറും. വൈകുന്നേരത്തെ അപൂർവ ആകാശ കാഴ്ചയിലേക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

