ശൈത്യകാല പച്ചക്കറിച്ചന്ത: ആദ്യദിനം വിറ്റത് 70 ടണ്ണിലധികം പച്ചക്കറി
text_fieldsഅൽവക്റയിലെ ചന്തയിൽനിന്ന്
ദോഹ: ശൈത്യകാല പച്ചക്കറി ചന്ത ഒമ്പതാം സീസണിനായി വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ ഒന്നാം ദിനം വിൽപന നടത്തിയത് 70 ടണ്ണിലധികം പച്ചക്കറികൾ. ഒന്നാം ദിനം തന്നെ നിരവധി ഉപഭോക്താക്കളാണ് അഞ്ചിടങ്ങളിലായി സ്ഥാപിച്ച ശൈത്യകാല ചന്തകളിലേക്ക് എത്തിയത്. കർഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷികവകുപ്പ് ഉപ മേധാവി ആദിൽ അൽ കൽദി അൽ യാഫഇ പറഞ്ഞു.
വ്യത്യസ്ത ഇനങ്ങളിലായി 70 ടണ്ണിലധികം പച്ചക്കറികൾ ഒന്നാം ദിനം വിൽപന നടത്തി. ആദ്യ മൂന്ന് ദിവസങ്ങളിലായി മികച്ച വിൽപന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വരും ദിവസങ്ങളിൽ പച്ചക്കറികൾ കൂടുതലായി എത്തും. വൈവിധ്യമാർന്ന പച്ചക്കറികളും വരുന്ന ദിവസങ്ങളിൽ അഞ്ച് ചന്തകളിലായി ഉണ്ടാകും.150ഓളം പ്രാദേശിക പച്ചക്കറി ഫാമുകളാണ് ഇത്തവണ ന്യായവിലയിൽ പച്ചക്കറി വിൽപനയുമായി എത്തിയിരിക്കുന്നത്.
അൽ ശീഹാനിയ, അൽ മസ്റൂഅ, അൽ വക്റ, അൽ ശമാൽ, അൽവക്റ-ദഖീറ എന്നിവിടങ്ങളിലായാണ് മാർക്കറ്റുകൾ സ് ഥാപിച്ചിരിക്കുന്നത്.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഏഴ് മുതൽ വൈകിട്ട് നാലുവരെയാണ് ചന്തകളുടെ പ്രവർത്തനം. ഉൽപന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് സഹായിച്ചതായും അൽ യാഫഇ ചൂണ്ടിക്കാട്ടി.കക്കരി, തക്കാളി, ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, മാരോപ്പഴം, വഴുതന, ഇലയിനത്തിലുള്ള വിവിധയിനം പച്ചക്കറികൾ, മത്തൻ തുടങ്ങിയവയാണ് ചന്തകളിലുള്ളത്. വിവിധയിനം പഴങ്ങളുമുണ്ട്. ഈത്തപ്പഴം, തേൻ എന്നിവയും ലഭ്യമാണ്.
125 പ്രാദേശിക ഫാമുകളുടെ വിളകളാണുള്ളത്. എല്ലാവിധ കോവിഡ് പ്രതിരോധ നടപടികളും പാലിച്ചാണ് പ്രവർത്തനം. ഇടനിലക്കാരില്ലാതെ തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കാൻ ചന്തകളിലൂടെ കർഷകർക്ക് കഴിയും.തങ്ങളുടെ നിക്ഷേപത്തിനും അധ്വാനത്തിനും അനുസരിച്ച വില ഇതിനാൽ കർഷകർക്ക് ലഭിക്കുന്നതായും മന്ത്രാലയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

