യമനിലെ കുട്ടികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
text_fieldsദോഹ: ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യു.ആർ.സി.എസ്) ഇൻ സേഫ് ഹാൻഡ്സ് ശൈത്യകാല കാമ്പയിന്റെ ഭാഗമായി യമനിലെ സന, അബിയാൻ എന്നിവിടങ്ങളിലെ 3,900 കുട്ടികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു. അനാഥാലയങ്ങൾ, ആരോഗ്യ കൂട്ടായ്മകൾ, ദുർബല വിഭാഗം ജനങ്ങൾ എന്നിവരെ കേന്ദ്രീകരിച്ചാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. ആകെ 1.5 ലക്ഷം ഡോളറാണ് പദ്ധതിക്കായി ചെലവഴിച്ചത്.
രോഗികളായ കുട്ടികളുടെ ദുരിതം കുറയ്ക്കാൻ ഈ സഹായം ഉപകരിക്കുമെന്ന് യമൻ സൊസൈറ്റി ഫോർ തലസീമിയ ഡയറക്ടർ ജനറൽ ജമീൽ അൽ ഖയാതി പറഞ്ഞു. ജനിതക രക്തരോഗങ്ങളുള്ളവർക്കായി കൂടുതൽ സഹായങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർഫനേജിലെ അനാഥ പെൺകുട്ടികൾക്ക് ഈ വസ്ത്രങ്ങൾ വലിയ ആശ്വാസമാണെന്ന് ജൂദ് അൽറഹ്മാൻ കെയർ ആൻഡ് റിഹാബിലിറ്റേഷൻ ഫൗണ്ടേഷൻ ചെയർപേഴ്സൻ ഡോ. നാദിയ യഹ്യ ഹജർ പറഞ്ഞു. അബിയാൻ ഗവർണറേറ്റിലെ ഉൾനാടൻ പ്രദേശമായ ജയ്ഷാൻ ജില്ലയിലും ക്യു.ആർ.സി.എസ് സഹായമെത്തിച്ചു. ഗവർണറേറ്റ് കേന്ദ്രത്തിൽ നിന്ന് ഏകദേശം 17 മണിക്കൂർ ദുർഘടമായ പാതകളിലൂടെ കാൽനടയായി സഞ്ചരിച്ചാണ് സ്ഥലത്തെത്തിയത്, പ്രദേശത്തെ 1,280 കുട്ടികൾക്കാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

