ശൈത്യകാല ക്യാമ്പിങ് ഒരുമാസത്തിലേറെ തുടരും
text_fieldsശൈത്യകാല ക്യാമ്പിങ് ടെന്റുകൾ
ദോഹ: ശൈത്യകാല ക്യാമ്പിങ് സീസൺ ദീർഘിപ്പിക്കാൻ ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനം. രാജ്യത്തിന്റെ വടക്ക്, മധ്യ മേഖലകളിലെ ക്യാമ്പിങ് സീസൺ ഏപ്രിൽ ഒന്നിന് സമാപിക്കാനിരിക്കെയാണ് ഏപ്രിൽ 29വരെ നീട്ടാൻ മന്ത്രാലയം നിർദേശിച്ചത്. അതേസമയം, സീ ലൈൻ, ഖോർ അൽ ഉദെയ്ദ് ഉൾപ്പെടെ തെക്കൻ മേഖലയിലെ ക്യാമ്പിങ് സീസൺ നേരത്തെ നിശ്ചയിച്ചതുപോലെ മേയ് 20വരെ തുടരും.
ഇതോടെ, റമദാനും പെരുന്നാളും കഴിയുന്നതുവരെ വടക്ക്, മധ്യ മേഖലകളിലെ ക്യാമ്പിങ് തുടരാൻ കഴിയും. പരിസ്ഥിതി മന്ത്രി ശൈഖ് ഡോ. ഫലഹ് ബിൻ നാസർ ആൽഥാനിയുടെ നിർദേശപ്രകാരമാണ് ക്യാമ്പിങ് തീയതി മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പരിസ്ഥിതി സംരക്ഷണവും ഖത്തറിന്റെ സവിശേഷമായ അന്തരീക്ഷവും സന്ദർശകരെ പരിചയപ്പെടുത്താനുള്ള വഴിയായി ക്യാമ്പിങ് സീസണിനെ മാറ്റണമെന്ന് അധികൃതർ നിർദേശിച്ചു. പരിസ്ഥിതിസൗഹൃദ ഊർജസംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും വൃക്ഷത്തൈകളും മരങ്ങളും നട്ടുപിടിപ്പിച്ചും ക്യാമ്പിങ് സൈറ്റുകൾ പരിപാലിക്കണം. ക്യാമ്പിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കൽ എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും മന്ത്രാലയം ആഹ്വാനംചെയ്തു. ഭൂമി, സസ്യങ്ങൾ, വന്യമൃഗങ്ങൾ, തീരങ്ങൾ, ബീച്ചുകൾ, ദേശാടനപ്പക്ഷികൾ എന്നിവയുൾപ്പെടെയുള്ള ഖത്തറി പരിസ്ഥിതിയെ ഹാനികരമായ പ്രവർത്തനങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി ക്യാമ്പിന് നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

