ശൈത്യകാല ക്യാമ്പിങ് രജിസ്ട്രേഷന് തുടക്കമായി
text_fieldsദോഹ: തണുപ്പുകാലങ്ങളിലെ പ്രധാന വിനോദങ്ങളിലൊന്നായി ശൈത്യകാല ക്യാമ്പിങ്ങിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഞായറാഴ്ച തുടക്കമായി. നവംബര്‍ ഒന്നുമുതലാണ് പുതിയ സീസൺ ക്യാമ്പിങ് തുടങ്ങുന്നത്. മൂന്നു ഘട്ടങ്ങളായാണ് ക്യാമ്പിങ്ങിനുള്ള രജിസ്ട്രേഷൻ നടക്കുന്നതെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ 22 മുതൽ 24 വരെ സെൻട്രൽ മേഖലയിലെ ക്യാമ്പിങ്ങിന് രജിസ്റ്റർ ചെയ്യാം. 25 മുതൽ 27 വരെ ദക്ഷിണ മേഖലയിലെയും, 28 മുതൽ 31 വരെ വടക്കൻ മേഖലയിലെയും രജിസ്ട്രേഷൻ നടക്കും.
ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനായി ആദ്യ നാഷനല്‍ ഓതന്റിക്കേഷൻ സിസ്റ്റത്തില്‍ അക്കൗണ്ട് തുടങ്ങണം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ക്യാമ്പിങ് ഏരിയകളിലെ ഓഫിസുകളില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപ്രൂവല്‍ ലഭിച്ച് ആറ് മണിക്കൂറിനകം പെര്മിഷന് ഫീസും ഇന്‍ഷുറന്‍സും അടക്കണം. അല്ലാത്തപക്ഷം അപ്രൂവല്‍ അസാധുവാകും.നവംബര്‍ ഒന്നിന് തുടങ്ങുന്ന ശൈത്യകാല ക്യാമ്പിങ് അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെ തുടരും.

