വിങ്സ് ഒാഫ് കംപാഷൻ’: 25 ടിക്കറ്റുകൾ നൽകി ഐ.ടി.ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ്
text_fieldsദോഹ: നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക്ഖത്തറിലെ ഐ.ടി.ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് 25 ടിക്കറ്റുകൾ നൽകും. റിയൽഎസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഫെസിലിറ്റി മാനേജ്മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഗ്രൂപ്പാണിത്. പദ്ധതിയുമായി സഹകരിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുെണന്നും മഹത്തായ സംരംഭമാണിതെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ഗഫൂർ ചിറകുഴി പറഞ്ഞു.

ദിനംതോറും പദ്ധതിയുമായി സഹകരിക്കാൻ ഉദാരമനസ്കർ എത്തുകയാണ്. ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത് യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട അർഹർക്കാണ് പദ്ധതിയിലൂടെ സൗജന്യവിമാനടിക്കറ്റ് നൽകുക. കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഖത്തറിൽ 00974 5509 1170 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
