ഇറാൻ- ഖത്തർ കടൽ തുരങ്കം വരുമോ?; പഠനവുമായി ഇറാൻ
text_fieldsദോഹ: ലോകത്തിലെ ഏറ്റവും വലിയ സമുദ്ര തുരങ്കപാത ഖത്തറിനും ഇറാനുമിടയിൽ സാധ്യമാവുമോ? കഴിഞ്ഞ ഏതാനും വർഷങ്ങളായി മാധ്യമവാർത്തകളിൽ നിറഞ്ഞ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കടൽ തുരങ്കപാത സംബന്ധിച്ച് ഇറാന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ ആരിഫാണ് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്.
ഇറാനിലെ ഖത്തറിന്റെ പുതിയ സ്ഥാനപതിയായി നിയോഗിച്ച സഅദ് ബിൻ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരീഫുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു വൈസ് പ്രസിഡന്റ് സ്വപ്നപദ്ധതി സംബന്ധിച്ച് വ്യക്തമാക്കിയത്.
തുരങ്കപാതയുടെ സാധ്യത സംബന്ധിച്ച് പഠനം നടത്താൻ ഇറാൻ പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചതായും, വരും ആഴ്ചകളിൽ സംഘം ദോഹ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ വാർത്ത ഏജൻസിയായ ‘ഇർന’യാണ് തുരങ്കപാത സംബന്ധിച്ച് ഇറാന്റെ സന്നദ്ധത റിപ്പോർട്ട് ചെയ്തത്.
രണ്ടു വർഷം മുമ്പും ഈ തുരങ്കപാത സംബന്ധിച്ച് വാർത്തകൾ സജീവമായിരുന്നു. ഇറാനിലെ തെക്കന് പ്രവിശ്യയായ ബുഷ്ഹറിലെ തുറമുഖമായ ദായറിൽനിന്നും ഖത്തറിലേക്ക് അറേബ്യൻ ഉൾക്കടലിനടിയിലൂടെ തുരങ്കം നിർമിക്കുന്നതിന്റെ സാധ്യതകൾ സംബന്ധിച്ചാണ് ആദ്യം വാർത്തകൾ വന്നത്. റോഡ്, റെയിൽ സൗകര്യങ്ങളോടെയുള്ള തുരങ്കപാതയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
ഊർജ മേഖലയിലെ നിക്ഷേപം, മാനുഷിക സഹായ പദ്ധതികൾ, സമുദ്ര തുരങ്കപാത നിർമാണം തുടങ്ങിയ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ച് ഖത്തർ അംബാസഡർ വ്യക്തമാക്കി.
ബഹ്റൈനും ഖത്തറും തമ്മിൽ കടൽ വഴി ബന്ധിപ്പിക്കുന്ന കോസ് വേ നിർമാണവുമായി മുന്നോട്ടു പോകാൻ ഈ വർഷാദ്യം ചേർന്ന ഫോളോഅപ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഫ്രണ്ട്ഷിപ് ബ്രിഡ്ജ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും യാത്രയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2008ലാണ് പ്രഖ്യാപിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

