ഖത്തർ ഒളിമ്പിക്സിന് വേദിയൊരുങ്ങുമോ?
text_fieldsദോഹ: 2036-ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും ഖത്തറും ഉൾപ്പെടെ ഏഴു രാജ്യങ്ങൾ രംഗത്ത്. ഒളിമ്പിക്സ് ഗെയിംസിന് വേദിയാകാൻ താൽപ്പര്യമറിയിച്ച് ബിഡ് സമർപ്പിച്ച ഏഴു രാജ്യങ്ങളുടെ പട്ടിക ഐ.ഒ.സിയാണ് പുറത്തുവിട്ടത്. ഈ രാജ്യങ്ങൾക്കു പുറമെ , ജർമ്മനി, ഹംഗറി, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കിയ എന്നീ രാജ്യങ്ങളാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പട്ടികയിലുള്ളത്. ഒളിമ്പിക്സിന് ബിഡ് സമർപ്പിച്ച രാജ്യങ്ങളുടെ മികവും സന്നദ്ധതയും സംഘാടന ശേഷിയും വിവിധ ഘട്ടങ്ങളിലൂടെ വിലയിരുത്തിയ ശേഷമാകും ആതിഥേയ രാജ്യത്തെ തിരഞ്ഞെടുക്കുക.
പശ്ചിമേഷ്യയിക്ക് ആദ്യമായി ഒളിമ്പിക്സ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ ഒളിമ്പിക്സിനായുള്ള ശ്രമങ്ങൾ നടത്തുന്നത്. സ്പോർട്സ് മേഖലയിൽ ലോകത്തിലെ തന്നെ പ്രമുഖ കേന്ദ്രമായി മാറിയ ഖത്തർ, തങ്ങളുടെ മുൻകാല പരിചയസമ്പത്തും അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും ആയുധമാക്കിയാണ് ഒളിമ്പിക്സിനായി അവകാശവാദമുന്നയിക്കുന്നത്. 2022-ലെ ഫിഫ ലോകകപ്പ് ഉൾപ്പെടെ പ്രമുഖ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച പരിചയസമ്പത്തും 2030-ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനായുള്ള ഒരുക്കങ്ങളും ഖത്തറിന്റെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. ഒളിമ്പിക്സ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന് വലിയ സജ്ജീകരണങ്ങളുമായി ഇന്ത്യയും രംഗത്തുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് ഇന്ത്യ ഒളിമ്പിക് ബിഡ് സമർപ്പിച്ചത്. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതും അഹമ്മദാബാദാണ് എന്നതും ഇന്ത്യയുടെ സാധ്യതകൾക്ക് പ്രതീക്ഷ പകരുന്നതാണ്.
പുതിയ രാജ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. ഇതിനുശേഷം പുതിയ അപേക്ഷകൾ പരിഗണിക്കില്ല. നിലവിൽ താൽപ്പര്യമറിയിച്ച ഏഴ് രാജ്യങ്ങളും 2026 നവംബറിൽ തങ്ങളുടെ ഒളിമ്പിക്സ് പ്രോജക്റ്റുകളും പദ്ധതികളും വികസന കാഴ്ചപ്പാടുകളും വ്യക്തമാക്കി ഐ.ഒ.സിയുടെ 'ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന്' മുന്നിൽ വിർച്വൽ പ്രസന്റേഷൻ നടത്തും.
തുടർന്ന് ഐ.ഒ.സി എക്സിക്യൂട്ടീവ് ബോർഡ് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാങ്കേതിക സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കി, തിരഞ്ഞെടുപ്പ് പ്രക്രിയ അടുത്ത ഘട്ടമായ 'സ്ട്രാറ്റജിക് ഡയലോഗിലേക്ക്' കടക്കും. ഈ ഘട്ടത്തിൽ കായിക വേദികളുടെ മാസ്റ്റർ പ്ലാൻ, സാമ്പത്തിക ഭദ്രത, വ്യക്തമായ ഭാവി ലക്ഷ്യങ്ങൾ എന്നിവ ഖത്തർ അടക്കമുള്ള രാജ്യങ്ങൾ സമർപ്പിക്കും.
തുടർന്ന് ഐ.ഒ.സി പ്രതിനിധികൾ ബിഡ് സമർപ്പിച്ച രാജ്യങ്ങളിലെത്തി സ്റ്റേഡിയങ്ങളും മറ്റ് സൗകര്യങ്ങളും നേരിട്ട് സന്ദർശിച്ച് വിലയിരുത്തും. തുടർന്ന് 2029 മധ്യത്തോടെ ഐ.ഒ.സി അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ 2036 ഗെയിംസിന്റെ ആതിഥേയരെ അന്തിമമായി തിരഞ്ഞെടുക്കും. വേദികളുടെ മാസ്റ്റർ പ്ലാൻ, സാമ്പത്തിക സമാഹരണം, കായികതാരങ്ങൾക്കുള്ള സൗകര്യങ്ങൾ, രാഷ്ട്രീയ -പൊതുജന പിന്തുണ എന്നിവ കൃത്യമായി വിലയിരുത്തിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

