രാജ്യത്ത് വാടക കുറയുന്നില്ല കാരണമെന്ത്?
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ച് ഒരു മാസം പിന്നിടുമ്പോഴും ഖത്തറിലെ വീട്ടുവാടക നിരക്ക് ഉയർന്നുതന്നെ നിൽക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി താമസക്കാർ. ഗ്ലോബൽ പ്രോപ്പർട്ടി ഗൈഡിന്റെ പുതിയ കണക്കുകൾ പ്രകാരം മിഡിലീസ്റ്റിൽ രണ്ട് ബെഡ്റൂം അപാർട്ട്മെന്റുകളുടെ ഉയർന്ന ശരാശരി പ്രതിമാസ വാടക ഖത്തറിലാണ്. യു.എ.ഇയാണ് രണ്ടാമത്.
മാസാടിസ്ഥാനത്തിൽ ശരാശരി 3,742 ഡോളറാണ് (13,6253 ഖത്തർ റിയാൽ) പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഖത്തറിലെ വാടക. 2,208 ഡോളറുമായാണ് (8,043 ഖത്തർ റിയാൽ) യു.എ.ഇ രണ്ടാമതു നിൽക്കുന്നത്.
ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതിമാസ ശരാശരി വാടകയിൽ 1,534 ഡോളറിന്റെ (5,582 ഖത്തർ റിയാൽ) വൻ വ്യത്യാസവും ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ദോഹ, ലുസൈൽ, വക്റ എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെ താമസ മേഖലകളിൽ ലോകകപ്പിന് മുന്നോടിയായി വില്ലകളുടെയും അപ്പാർട്ട്മെന്റുകളുടെയും വില കുത്തനെ വർധിച്ചിരുന്നു.
ടൂർണമെന്റിനുശേഷം നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണെന്നും അന്യായമായ വാടക വർധനവ് അംഗീകരിക്കാനാകില്ലെന്നും ‘ദി പെനിൻസുല ഖത്തർ’ദിനപത്രം നടത്തിയ അന്വേഷണത്തിൽ താമസക്കാർ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് നേട്ടങ്ങളുടെ പ്രതിഫലനം
റിയൽ എസ്റ്റേറ്റ് ഉദ്യോഗസ്ഥരിൽ ചിലർ ഈ വർഷം പകുതിയോടെ വില കുറയുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും വാടക വർധനയിലെ പ്രാഥമിക കാരണങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും നേട്ടങ്ങളും ഉൾപ്പെടുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പത്രം പറയുന്നു. 2023ൽ ധാരാളം സന്ദർശകരെയും വിനോദസഞ്ചാരികളെയും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, വില്ല കെട്ടിടങ്ങൾ വിഭജിച്ച് നിരവധി കുടുംബങ്ങൾക്ക് നൽകുന്ന രീതി മിതമായ നിരക്കിൽ താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്നതായി ചിലർ പറയുന്നുണ്ട്.
എന്നാൽ, ഇത് വാസ്തവത്തിൽ ഒരു കെട്ടിടത്തിൽ അമിതമായി വൈദ്യുതിയും വെള്ളവും ഉപയോഗിച്ച് താമസക്കാരെ അപകടത്തിലാക്കുന്നുമുണ്ട്. അതോടൊപ്പം, പാർക്കിങ് ഏരിയകൾ, റോഡുകൾ, മലിനജല സേവനങ്ങൾ എന്നിവയെല്ലാം അവർ അനധികൃതമായി പ്രയോജനപ്പെടുത്തുന്നുമുണ്ടെന്നും ദി പെനിൻസുല പറയുന്നു. വില്ലകൾ വിഭജിച്ച് നൽകുന്നത് നിരോധിക്കുന്നതിലേക്കാണ് ഇത് മുനിസിപ്പാലിറ്റി മന്ത്രാലയത്തെയും അനുബന്ധ സ്ഥാപനങ്ങളെയും നയിച്ചത്.
വാടക കച്ചവടത്തിൽ ഏർപ്പെട്ട പല കമ്പനികളും വ്യക്തികളും ഒരു മേൽനോട്ടവും നിയന്ത്രണവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റും ഒരു മാസത്തെ വാടക കമീഷനും കൂടാതെ 12 പോസ്റ്റ് ഡേറ്റഡ് ചെക്കുകളും നൽകാൻ ആവശ്യപ്പെടുന്നുണ്ട്. ഇത് ന്യായമല്ലെന്ന് മറ്റൊരു താമസക്കാരനായ മുസ്തഫ പറയുന്നു.
‘വാടക കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുന്നത് ബ്രോക്കർമാർ’
വാടക കരാർ ഡിസംബറിൽ അവസാനിച്ചതായും അത് പുതുക്കാൻ പോയപ്പോൾ, വാടക വർധിപ്പിച്ചതായി ഉടമ പറഞ്ഞതായും ദോഹയിലെ ഒരു താമസക്കാരനെ ഉദ്ധരിച്ച് ദി പെനിൻസുല റിപ്പോർട്ട് ചെയ്തു.
ഇത് ഉടമകൾ അറിയുന്നുണ്ടോ എന്നെനിക്ക് ഉറപ്പില്ല. കാരണം, കെട്ടിടം പ്രവർത്തിപ്പിക്കുന്നത് ബ്രോക്കർമാരാണ്. വാടക വർധിപ്പിക്കുന്നതിന് മുമ്പ് മുൻകൂർ വിവരം ലഭിച്ചില്ലെന്നും ഇത് കാരണം വീട് വിട്ടൊഴിയേണ്ടി വരുകയോ പുതിയ കരാർ ഒപ്പിടുകയോ ചെയ്യേണ്ട പ്രതിസന്ധി ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് കഴിഞ്ഞിട്ടും വാടക കുറക്കാതെ ഉടമകൾ അന്യായ തീരുമാനമെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം വീണ്ടും വാടക വർധിപ്പിച്ചതിനാൽ താമസക്കാർ ബുദ്ധിമുട്ടിലാണെന്നും ഒത്ത വിലയിൽ അപാർട്ട്മെന്റ് കണ്ടെത്താൻ പ്രയാസമാണെന്നും പ്രവാസിയായ ഹനാൻ അൽ യുസുഫി ‘ദി പെനിൻസുല’യോട് പറഞ്ഞു. ലോകകപ്പ് ഡിസംബറിൽ കഴിഞ്ഞിട്ടും വീട്ടുവാടകയിൽ കുറവ് വന്നിട്ടില്ലെന്നും പലയിടത്തും വർധിച്ചിരിക്കുകയാണെന്നും ഓൺലൈനിൽ പരിശോധിച്ചപ്പോൾ അറിയാനായെന്ന് ബിൻ മഹ്മൂദിൽ താമസിക്കുന്ന ഫിയോബ് പറയുന്നു.
‘വിലയിൽ മാറ്റമില്ലാത്തതിൽ ആശ്ചര്യം തോന്നുന്നു. കഴിഞ്ഞ വർഷത്തെ വിതരണത്തെയും ആവശ്യത്തെയും അപേക്ഷിച്ച് ഈ വർഷം ഇത്ര ഉയർന്ന വാടക നൽകേണ്ടി വരുന്നത് അസംബന്ധമാണെന്നും ഫിയോബ് ചൂണ്ടിക്കാട്ടി.
വിദഗ്ധർ പറയുന്നത്
വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് ഈ വർഷം നിരവധി ആഗോള ഇവന്റുകൾ നടക്കാനിരിക്കുന്നതും വിപണിയിലെ വളർച്ചയും കാരണം നിരക്ക് സ്ഥിരമായി തുടരുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ പറയുന്നത്.
2023ൽ വില സ്ഥിരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകകപ്പിന് മുമ്പുള്ള വില ലോകകപ്പിന് ശേഷവും കുറയില്ലെന്ന് പ്രതീക്ഷിച്ചിരുന്നതായും അൽ ഇമാദി എന്റർപ്രൈസസിന്റെ വൈസ് ചെയർമാൻ ജാസിം അൽ ഇമാദി ദി പെനിൻസുലയോട് പറഞ്ഞു. വില സ്ഥിരമായി നിൽക്കുന്നത് വിപണിക്ക് ഗുണമാണെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പിന് ശേഷം ആളുകൾ ഉടൻ തന്നെ വലിയ ഇടിവ് പ്രതീക്ഷിക്കും. അത് ശരിയല്ലെന്ന് റിതാജ് റിയൽ എസ്റ്റേറ്റ് സി.ഇ.ഒ മുഹമ്മദ് ഗുഫ്റാൻ പറഞ്ഞു.
ലോകകപ്പുമായും മറ്റു പ്രമുഖ ഇവന്റുകളുമായും മാർക്കറ്റ് ബന്ധപ്പെട്ടിരിക്കുന്നതിനാൽ വിലയിൽ മാറ്റമുണ്ടാകില്ല. വില ഒരിക്കലും ഒരു നിശ്ചിത നിരക്കിനേക്കാൾ കുറയാത്ത പ്രധാന മേഖലയുണ്ടെന്നും വെസ്റ്റ് ബേ, ലുസൈൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വ്യക്തികളുടെയും അർധ സർക്കാർ കമ്പനികളുടെയും ഉടമസ്ഥതയിലുള്ളതിനാൽ അതായിരിക്കും വിപണി വിലയെന്നും അദ്ദേഹം പറയുന്നു.
‘രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ശിലയായ എണ്ണ, വാതക മേഖല അഭിവൃദ്ധി പ്രാപിക്കുകയാണ്. നിരവധി പുതിയ പദ്ധതികൾ പുരോഗമിക്കുന്നു. ഇത് ധാരാളം തൊഴിലവസരം സൃഷ്ടിച്ചിട്ടുണ്ട്. ഇത് വാടക വീടുകളുടെ ആവശ്യം വർധിപ്പിക്കുന്നു. വ്യവസായം വളരുന്നത് തുടരുന്നതിനാൽ, വാടക വീടുകളുടെ ആവശ്യം സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു’-എഫ്.ജി റിയാലിറ്റിയിലെ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ സ്റ്റീഡ് ടെയ്ലർ പറയുന്നു.
ഈ വർഷത്തെ ഖത്തറിലെ ഇവന്റുകളും എക്സിബിഷനുകളും താമസ സ്ഥലങ്ങളുടെ വാടക ഉയരുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന ഖത്തർ എക്സ്പോയും വാടക വിപണിയിൽ സ്വാധീനം ചെലുത്തുന്നതായി ടെയ്ലർ പറഞ്ഞു.