ആരാകും "ഖത്തർ ദം സ്റ്റാർ'? ‘ദംദം ബിരിയാണി’ ഗ്രാൻഡ് ഫിനാലെ ഇന്ന്, പ്രവേശനം സൗജന്യം
text_fieldsദോഹ: ബിരിയാണി രുചിയുടെ പെരുമ പറഞ്ഞും ആട്ടവും പാട്ടും ചിരിയുമായി പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷരാവിന് ഒരുങ്ങി ഖത്തർ. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു - ബ്രാഡ്മാസ് ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്’ ഗ്രാൻഡ് ഫിനാലെയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഖത്തറിലെ 'ദം സ്റ്റാറിനെ' അറിയാൻ ഇനി മണിക്കൂറുകൾ മാത്രം...
വ്യാഴാഴ്ച ഉച്ചക്കുശേഷം മുന്നോടെ അബു സിദ്റ ലുലു ഹൈപ്പർമാർക്കറ്റിൽ സജ്ജമാക്കിയ വേദിയിലാണ് ഫൈനൽ പോരാട്ടം അരങ്ങേറുക. സെമി ഫൈനലിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേരാണ് കലാശപ്പോരിൽ മാറ്റുരക്കുന്നത്. ഷക്കീല, സൗദ അബ്ദുല്ല, നാജിയ, സന ബാനു, ഉസൈറ, ഫൗസിയ കൗസർ, ജസീമ മുബഷിർ, പ്രഭ സാലിയൻ, റുക്സാന, ധന്യ എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുന്ന മത്സരാർത്ഥികൾ. വിധികർത്താവ് രാജ് കലേഷിന്റെ മത്സരാർത്ഥികളുമായുള്ള ഓൺലൈൻ മീറ്റിങ് ചൊവ്വാഴ്ച വൈകീട്ട് നടന്നു. മത്സരത്തിന്റെ നിയമാവലികളും മറ്റ് വിശദീകരണങ്ങളും അദ്ദേഹം പങ്കുവെച്ചു.
പാചകമത്സരവും മ്യൂസിക്കൽ നൈറ്റും ഫാമിലി ആക്റ്റിവിറ്റികളുമായി ഖത്തർ ഇതുവരെ കാണാത്ത ആഘോഷരാവിനാണ് അബു സിദ്റ ലുലു മാളിൽ വേദിയൊരുങ്ങുക. തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫ്, ഗായിക ശ്വേത അശോക് എന്നിവർ അണിനിരക്കുന്ന സംഗീതരാവിൽ ആയിരങ്ങൾ ഒഴുകിയെത്തും. വൈകീട്ട് ആറോടെ ആരംഭിക്കുന്ന സംഗീതരാവിലേക്ക് പ്രവേശനം സൗജന്യമാണ്.
മെഗാ ഫൈനൽ വിജയികളെ കാത്തിരിക്കുന്നത് ഗോൾഡ് കോയിൻ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളാണ്. ബിരിയാണി മത്സരത്തോടൊപ്പം വൈവിധ്യമാർന്ന ഫാമിലി ആക്റ്റിവിറ്റികൾ കൂടി ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു സായാഹ്ന വിരുന്നാണ് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്നത്. ചടങ്ങിൽ സ്പോൺസർമാർ, സപ്പോർട്ടിങ് പാർട്ണർമാർ എന്നിവർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.

