പ്രവാസികൾക്ക് വേണ്ടത് സംവാദവേദികൾ
text_fieldsപ്രവാസലോകത്തെ ജനപ്രതിനിധികളുടെ സന്ദർശനം വെറും ആഘോഷമായി മാറാതെ, അതൊരു ക്രിയാത്മകമായ സംവാദവേദിയായും ജനസമ്പർക്ക വേദിയായും മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു
ഗൾഫ് നാടുകളിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എത്തുമ്പോൾ വിമാനത്താവളത്തിലെ സ്വീകരണം മുതൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. വർണാഭമായ സ്വീകരണം, വലിയ സ്റ്റേജുകൾ, നീണ്ട പ്രസംഗങ്ങൾ ഇതൊക്കെയാണല്ലോ പതിവ് കാഴ്ചകൾ...
എന്നാൽ, ഇത്തരം ആഘോഷങ്ങൾക്കും പൊതുപരിപാടികൾക്കുമൊപ്പം സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനും പരിഹരിക്കാനും ഒരു വേദിയുണ്ടായാലോ? വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ജനപ്രതിനിധികൾ പലപ്പോഴും ആൾക്കൂട്ടത്തിന് മുന്നിൽ വൈകാരികമായ പ്രസംഗങ്ങൾ നടത്തി മടങ്ങുന്നു.
എന്നാൽ, ഒരു സാധാരണ പ്രവാസിക്ക് തന്റെ പ്രയാസങ്ങളോ, പാസ്പോർട്ട് സംബന്ധമായ നൂലാമാലകളോ നാട്ടിലെ പ്രശ്നമോ നേതാക്കളോട് നേരിട്ട് പറയാൻ അവസരം ലഭിക്കാറുണ്ടോ? ജനപ്രതിനിധികൾ അതിഥികളായി വന്ന് മടങ്ങുന്നതിന് പകരം, അവർക്ക് മുന്നിൽ പ്രവാസികൾക്ക് മനസ്സ് തുറക്കാൻ കഴിയുന്ന 'ജനസമ്പർക്ക' രീതി ഉണ്ടാകേണ്ടതുണ്ട്.
പ്രവാസി സംഘടനകൾ നടത്തുന്ന പ്രോഗ്രാമുകളിൽ അതിഥികളായി എത്തുന്ന ജനപ്രതിനിധികൾക്കും നേതാക്കൾക്കും മുന്നിൽ സാധാരണക്കാരായ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ബോധിപ്പിക്കാൻ നിലവിൽ കൃത്യമായ വേദികളില്ല. ജനക്കൂട്ടത്തിന് നടുവിൽ പ്രസംഗം കേട്ട് കൈയടിച്ചു മടങ്ങുന്ന പതിവ് രീതിക്ക് മാറ്റം വരണം. ഖത്തറിലെത്തുന്ന ജനപ്രതിനിധികളുമായി സംവദിക്കാൻ പ്രവാസികൾക്ക് അവസരമൊരുക്കുന്ന പ്ലാറ്റ്ഫോം ആവശ്യമാണ്.
മാറ്റങ്ങൾ തുടങ്ങേണ്ടത് എവിടെ നിന്നാണ്..! പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ജനസമ്പർക്ക സദസ്സുകൾ പോലുള്ള വേദികൾ ഒരുക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
രാഷ്ട്രീയ ഭേദമെന്യേ എല്ലാ പ്രവാസികൾക്കും പങ്കെടുക്കാവുന്ന ഓപ്പൺ ഫോറങ്ങൾ ഇതിനായി ഒരുക്കാവുന്നതാണ്. ഓരോ സന്ദർശന വേളയിലും സംഘടനകളുടെ പ്രതിനിധികളുമായോ അല്ലെങ്കിൽ പൊതുവായ ഒരു വേദിയിലോ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് ചർച്ച ചെയ്യാനുള്ള 'ജനസമ്പർക്ക' പരിപാടികളും സംവാദ പരിപാടികളും നടത്താൻ സംഘാടകർ മുൻകൈ എടുക്കണം.
അതുപോലെ, ഗൾഫിൽ വെച്ച് സ്വീകരിക്കുന്ന പരാതികളിൽ നാട്ടിൽ ചെന്നാലുടൻ നടപടി സ്വീകരിക്കാൻ ഒരു പ്രത്യേക സെൽ രൂപവത്കരിക്കണം. ഗൾഫിലെ ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകുമ്പോൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങാൻ ഒരു പ്രവാസിക്കും സാധിക്കില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം.
നിക്ഷേപങ്ങളെക്കുറിച്ചും വിദേശനാണ്യത്തെക്കുറിച്ചും വാചാലരാകുന്നവർ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങൾ കാണാൻ തയാറാകണം.
അവരുടെ തൊഴിൽ സുരക്ഷയും കുടുംബത്തിന്റെ സംരക്ഷണവും ഉറപ്പാക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

