പശ്ചിമേഷ്യൻ സംഘർഷം; അർജന്റീന-സ്പെയിൻ ഫൈനിലിസമ മത്സരം റദ്ദാക്കി
text_fieldsദോഹ: മാർച്ച് 27ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്നു അർജന്റീന-സ്പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി. മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് തീയതിയോ വേദിയോ മാറ്റുന്നതിൽ പൊതുവായ തീരുമാനമെടുക്കാൻ കഴിയാത്തതിനാലാണ് മത്സരം റദ്ദാക്കുന്നത് എന്ന് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ (യുവേഫ) അറിയിച്ചു. നിലവിലെ സംഘർഷ സാഹചര്യത്താൽ ഖത്തറിൽ മത്സരം നടത്താൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. മത്സര തീയതി മാറ്റുന്നത് സംബന്ധിച്ച് യുവേഫയും ഖത്തറിലെ അധികൃതരും തമ്മിൽ ചർച്ചകളും നടത്തിയിരുന്നു. എന്നാൽ വേദി മാറ്റുന്നത് സംബന്ധിച്ച് അർജന്റീനയുമായി ധാരണയിലെത്താൻ കഴിഞ്ഞില്ല.
ഖത്തറിന് പകരം മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവിൽ മത്സരം നടത്താൻ യുവേഫ നിർദേശിച്ചെങ്കിലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ അത് നിരസിച്ചിരുന്നു. മത്സരം രണ്ട് പാദങ്ങളായി നടത്താനുള്ള നിർദേശവും അർജന്റീന തള്ളി. ഒടുവിൽ മാർച്ച് 31ന് മത്സരം നടത്താമെന്ന് അർജന്റീന അറിയിച്ചെങ്കിലും സ്പെയിനിന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം ആ തീയതി പ്രായോഗികമല്ലെന്ന് യുവേഫ അറിയിക്കുകയായിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ ഒരു പൊതുവായ തീയതിയിലോ വേദിയിലോ ധാരണയിലെത്താൻ കഴിയാത്തതിനാൽ ഈ വർഷത്തെ ഫൈനലിസിമ ഔദ്യോഗികമായി റദ്ദാക്കുയാണെന്ന് യുവേഫ പ്രഖ്യാപിച്ചു.
മത്സരം റദ്ദാക്കിയ തീരുമാനത്തിൽ യുവേഫ ഖേദം പ്രകടിപ്പിച്ചു. യുവേഫ യൂറോ വിജയികളായ സ്പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലായിരുന്നു വാശിയേറിയ ഫൈനലിസിമ പോരാട്ടം നടക്കേണ്ടിയിരുന്നത്. അർജന്റീന 2022 ഫിഫ ലോകകപ്പ് ഉയർത്തിയ അതേ ലുസൈൽ മൈതാനിയിലായിരുന്നു കളി നിശ്ചയിച്ചിരുന്നതും. ലോക ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ സ്പെയിനും തമ്മിലുള്ള സ്വപ്ന പോരാട്ടം കാണാൻ കാത്തിരുന്ന ആരാധകർക്ക് വലിയ നിരാശയാണ് ഇത് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

