പുണ്യമാസത്തിന് വരവേൽപ്; ആരാധനക്കൊപ്പം അണിഞ്ഞൊരുങ്ങി നാടും നഗരവും
text_fieldsറമദാനെ വരവേറ്റ് കതാറ കൾച്ചറൽ വില്ലേജ് വർണാഭമായ ലൈറ്റുകൾകൊണ്ട് മനോഹരമാക്കിയപ്പോൾ
ദോഹ: റമദാൻ ആരംഭിച്ചതോടെ വർണാഭ അലങ്കാരങ്ങളുമായി തെരുവുകളും പൊതുയിടങ്ങളും സജീവം. ദോഹ കോർണിഷ്, കതാറ കൾച്ചറൽ വില്ലേജ്, ഓൾഡ് ദോഹ പോർട്ട് എന്നിവയുൾപ്പെടെ പ്രധാന റോഡുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമെല്ലാം വർണാഭമായ സ്ട്രീറ്റ് ലൈറ്റുകൾ, ചന്ദ്രക്കല, നക്ഷത്രങ്ങൾ, 'റമദാൻ കരീം' ആശംസ ബോർഡുകൾ, ഇസ്ലാമിക കലയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പരമ്പരാഗത രൂപങ്ങൾ എന്നിവയാലാണ് അലങ്കാരം. ആരാധനക്കൊപ്പം പൈതൃകവും മുറുകെ പിടിച്ചാണ് വരവേൽപ്. അലങ്കാര വിളക്കുകളും മറ്റ് കമാനങ്ങളും ഇൻസ്റ്റലേഷനുകളുംകൊണ്ട് തെരുവുകളെ അലങ്കരിച്ചിട്ടുണ്ട്. ഇഫ്താർ നേരങ്ങളിൽ കുടുംബത്തോടൊപ്പമെത്തി സന്തോഷം പങ്കുവെക്കാനും ഫോട്ടോയെടുക്കാനും പറ്റുന്ന രീതിയിലാണ് അലങ്കാരം.
ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ നേതൃത്വത്തിൽ ഇഫ്താർ, തറാവീഹ് എന്നിവക്കായി രാജ്യത്തെ പള്ളികളിൽ സൗകര്യമൊരുക്കി. രാജ്യവ്യാപകമായി 3.6 ലക്ഷം പേർക്കുള്ള ഇഫ്താർ സൗകര്യം ഒരുക്കി. റമദാനിലെ അവസാന 10 ദിവസങ്ങളിൽ ഇഅ്തികാഫ് അനുഷ്ഠിക്കുന്ന വിശ്വാസികൾക്കായി പ്രത്യേക ക്രമീകരണവും പൂർത്തിയാക്കി.
റമദാന്റെ ഭാഗമായി മതപ്രഭാഷണങ്ങൾ, പള്ളികളിൽ ഖുർആൻ പാരായണം, മറ്റ് ദൈനംദിന മത്സരങ്ങൾ, ഇതര ഭാഷക്കാർക്കായി ആശയവിനിമയ സൗകര്യവും ഒരുക്കി.
ലോകത്തുടനീളം മുസ്ലിംകൾക്കിടയിൽ റമദാൻ മുന്നൊരുക്കത്തിനും അലങ്കാരങ്ങൾക്കും സാംസ്കാരികവും ചരിത്രപരവുമായ ദീർഘകാല പാരമ്പര്യമുണ്ട്. റമദാന് മുന്നോടിയായി പള്ളികളിലും വീടുകളിലും ആവശ്യമായ ഒരുക്കം നടത്തി വിശ്വാസികൾ നേരത്തേ തയാറെടുക്കാറുണ്ട്.
ക്രമേണ, ഈ അലങ്കാരങ്ങൾ പള്ളികളിൽനിന്ന് വീടുകളിലേക്കും മാർക്കറ്റുകളിലേക്കും തെരുവിലേക്കും വ്യാപിക്കുകയായിരുന്നു. അറബ് രാജ്യങ്ങളിൽ റമദാൻ അലങ്കാരങ്ങൾ പ്രാദേശിക ആചാരങ്ങൾക്കനുസരിച്ച് വൈവിധ്യം നിറഞ്ഞതാണ്. ചിലയിടങ്ങളിൽ ഖൈമിയ എന്നറിയപ്പെടുന്ന വർണാഭ തുണിത്തരങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധയിടങ്ങളിൽ മറ്റു വിളക്കുകൾ ഉപയോഗിച്ചും പരമ്പരാഗത ഇസ്ലാമിക കലാ രൂപങ്ങൾ കൊണ്ടും അലങ്കാരിക്കാറുണ്ട്.
ദൃശ്യഭംഗിക്കപ്പുറം പാർക്കുകളും തെരുവുകളും അലങ്കരിച്ച് ഒന്നിച്ചുചേരാനും അതിഥി സൽക്കാരത്തിനും ഇഫ്താറുമായി റമദാനെ സജീവമാക്കുകയാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

