വെൽകം ടു 'ക്വാറന്റീൻ ഫ്രീ'ഖത്തർ
text_fieldsആരോഗ്യ മന്ത്രാലയം
ദോഹ: നീണ്ട കാലത്തെ ഇടവേളക്കുശേഷം, ക്വാറന്റീന്റെ കെട്ടുപാടുകളൊന്നുമില്ലാതെ എല്ലാ യാത്രക്കാർക്കും വാതിൽ തുറന്നു നൽകി ഖത്തർ. സെപ്റ്റംബർ നാല് ഞായറാഴ്ച വൈകീട്ട് ആറു മുതൽ സന്ദർശക വിസയിലെത്തുന്നവർ ഉൾപ്പെടെ എല്ലാവർക്കും ഹോട്ടൽ ക്വാറന്റീനില്ലാതെതന്നെ രാജ്യത്ത് പ്രവേശിക്കാം. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ യാത്രനയത്തിലാണ് മാറ്റങ്ങൾ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിനു പിന്നാലെ ആരംഭിച്ച ക്വാറന്റീൻ കടമ്പയിൽനിന്നും പ്രവാസികൾക്കുള്ള പൂർണ മോചനം കൂടിയായി പുതിയ തീരുമാനം.
2020ൽ കോവിഡ് റിപ്പോർട്ട് ചെയ്ത് തുടങ്ങി ഏതാനും മാസങ്ങൾക്കു ശേഷമാണ് വിദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തിയത്. 14 ദിവസവും 10 ദിവസവും ഒരാഴ്ചയുമെല്ലാമായി നടപ്പാക്കിയ ക്വാറന്റീനിൽ നിന്നും പിന്നീട് താമസക്കാർക്കും പൗരന്മാർക്കും ഇളവു നൽകിയെങ്കിലും സന്ദർശകർക്ക് നിർബന്ധമായിരുന്നു. ഏറ്റവും ഒടുവിൽ ഒരു ദിവസമായിരുന്നു സന്ദർശകർക്കുള്ള ക്വാറൻറീൻ. ഇതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ യാത്രാനയ ഭേദഗതിയിലൂടെ ഒഴിവാക്കിയത്.
ഞായറാഴ്ച പ്രാബല്യത്തിൽ വരുന്ന നിർദേശപ്രകാരം എല്ലാ വിഭാഗം യാത്രക്കാരെയും ഹോട്ടൽ ക്വാറന്റീനിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. അതേസമയം, കോവിഡ് പരിശോധനയിൽ പോസിറ്റീവാകുന്നവർ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്റീനിലും സമ്പർക്കവിലക്കിലും കഴിയണം. ഇന്ത്യ ഉൾപ്പെടെ കോവിഡ് തീവ്രത കൂടിയ രാജ്യങ്ങളുടെ പട്ടികയായ റെഡ് ഹെൽത്ത് എന്നവിഭാഗം ഒഴിവാക്കാനും പുതിയ നിർദേശപ്രകാരം തീരുമാനമായി.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും ഖത്തറിലേക്ക് സന്ദർശനത്തിനെത്തുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കിയ തീരുമാനം. ലോകകപ്പിലേക്ക് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കിനിൽക്കെയാണ് യാത്രനയത്തിലെ മാറ്റം. മത്സരങ്ങൾ കാണാനും ലോകകപ്പിന്റെ ഭാഗമാകാനുമായി എത്തുന്നവർക്ക് ഇനി ക്വാറന്റീൻ ഇല്ലാതെതന്നെ രാജ്യത്ത് പ്രവേശിക്കാം.
കോവിഡ് പരിശോധന
പൗരന്മാരും താമസക്കാരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ പി.എച്ച്.സി.സികളിൽ നിന്നോ അംഗീകൃത മെഡിക്കൽ സെന്ററിൽ നിന്നോ റാപിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാവണം.
സന്ദർശകർ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് പി.സി.ആർ അല്ലെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാവുകയും നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശം കരുതുകയും വേണം. പി.സി.ആർ ആണെങ്കിൽ 48 മണിക്കൂറിനും റാപിഡ് ആന്റിജൻ 24 മണിക്കൂറിനുള്ളിലും ആയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

