ആഘോഷങ്ങളുമായി ഐ.സി.സി; ബുധനാഴ്ചകളിൽ കലാവിരുന്ന്
text_fieldsഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് എ.പി. മണികണ്ഠൻ സംസാരിക്കുന്നു
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ സുവർണജൂബിലി ആഘോഷ ഭാഗമായി വിവിധ പരിപാടികളുമായി എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനു പിന്നാലെ നടന്ന ആദ്യ വാർത്തസമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠനാണ് കലാ സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള പുതിയ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. എല്ലാ ബുധനാഴ്ചകളിലും ഇന്ത്യൻ കമ്യൂണിറ്റിക്കായി നടത്തുന്ന ‘ഐ.സി.സി വെനസ്ഡേ ഫിയസ്റ്റ’യാണ് ഏറ്റവും ശ്രദ്ധേയം.
ഐ.സി.സി അംഗീകൃതമായ 95 അസോസിയേഷനുകളുമായി ഇന്ത്യൻ സ്കൂളുകൾ, വിവിധ കലാ പരിശീലന കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് എല്ലാ ബുധനാഴ്ചകളിലും ഐ.സി.സി അശോക ഹാളിൽ ‘വെനസ്ഡേ ഫിയസ്റ്റ’ അരങ്ങേറുമെന്ന് എ.പി. മണികണ്ഠൻ അറിയിച്ചു. മേയ് മൂന്നിന് ഇന്ത്യൻ എംബസി ഷെർഷെ ദഫേ ടി. ആഞ്ജലീന പ്രേമലത പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. രാത്രി ഏഴു മുതൽ 8.30 വരെയായിരിക്കും പരിപാടി. ഖത്തറിലുള്ള വിവിധ സംസ്ഥാനക്കാരായ ഇന്ത്യൻ സമൂഹത്തിന്റെ കലാ, സാംസ്കാരിക പരിപാടികൾക്ക് ഒരു പ്ലാറ്റ്ഫോം എന്ന നിലയിലാണ് ‘വെനസ്ഡേ ഫിയസ്റ്റ’ അരങ്ങേറുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓരോ ആഴ്ചയിലും വിവിധ അസോസിയേഷനുകളുടെയും സ്കൂളുകളുടെയും കലാപരിശീലന സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാവും നൃത്തങ്ങൾ, സംഗീതം ഉൾപ്പെടെ വിവിധ ഇന്ത്യൻ കലാരൂപങ്ങൾ അരങ്ങിലെത്തുക. താൽപര്യമുള്ളവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്കായിരിക്കും ഓരോ ആഴ്ചയും പരിപാടി അവതരിപ്പിക്കാൻ അവസരം നൽകുന്നത്. മാസത്തിൽ ഒരിക്കൽ ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരെ അതിഥികളായി പങ്കെടുപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഇന്ത്യ-ഖത്തർ നയതന്ത്ര സുവർണ ജൂബിലിയുടെ ഭാഗമായി ഭാവിയിൽ വൈവിധ്യമാർന്ന പരിപാടികൾ ഒരുങ്ങുന്നതായും അധികൃതർ അറിയിച്ചു.
ഐ.സി.സി ക്ലബുകൾ, ഐ.സി.സി മൊബൈൽ ആപ്ലിക്കേഷൻ, ജോബ് പോർട്ടൽ- ജോബ് ഫെയർ ഉൾപ്പെടെ പദ്ധതികളും പ്രഖ്യാപിച്ചു.
സ്കൂൾ വിദ്യാർഥികൾക്കും തൊഴിൽ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും വിവിധ സംഘടന അംഗങ്ങൾക്കുമെല്ലാമായി വിവിധങ്ങളായ മത്സരങ്ങൾ ഭാവിയിൽ സംഘടിപ്പിക്കും. തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തുന്ന വിധത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാവും ഇന്റർ ക്യാമ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുത്ത ഇനങ്ങളിലായിരിക്കും കുട്ടികൾ, തൊഴിലാളികൾ, അസോസിയേറ്റഡ് ഓർഗനൈസേഷൻ അംഗങ്ങൾ എന്നിവർക്കായി മത്സരങ്ങൾ നടത്തുന്നത്.
ഐ.സി.സി മുംബൈ ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ ദുരൈസാമി, ട്രഷറർ അർഷാദ് അലി, സോഷ്യൽ ആക്ടിവിറ്റീസ് മേധാവി അഡ്വ. എം. ജാഫർഖാൻ, കൾചറൽ ആക്ടിവിറ്റീസ് ചുമതലയുള്ള സുമ മഹേഷ് ഗൗഡ, എക്സ്റ്റേണൽ ഇവന്റ്സ് ചുമതല വഹിക്കുന്ന ഗാർഗി വൈദ്യ എന്നിവർ പങ്കെടുത്തു.
മൊബൈൽ ആപ്ലിക്കേഷൻ
എംബസിയുടെ കോൺസുലാർ സേവനങ്ങളും ഐ.സി.സി പരിപാടികൾ സംബന്ധിച്ച വിശദാംശങ്ങളും മറ്റും ഖത്തറിലെ പ്രവാസി സമൂഹത്തിലെത്തിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ് വൈകാതെ പുറത്തിറങ്ങും.
തൊഴിൽ പോർട്ടലും മേളയും
തൊഴിൽ തേടിയെത്തുന്നവരും തൊഴിൽ നഷ്ടപ്പെട്ടവരും കൂടുതൽ വേതനമുള്ള തൊഴിൽ അന്വേഷിക്കുന്നവരുമായ പ്രവാസികൾക്ക് ഖത്തറിലെ തൊഴിലവസരങ്ങൾ അറിയിക്കാൻ തൊഴിൽ പോർട്ടൽ ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുന്നതാവും ഈ സംവിധാനം. ഇതിനു പുറമെ, തൊഴിൽ മേളയും ഐ.സി.സി നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ആലോചനയുണ്ടെന്ന് അറിയിച്ചു.
അംഗങ്ങൾക്ക് പ്രിവിലേജ് കാർഡുകൾ
ഇന്ത്യൻ കൾചറൽ സെന്റർ അംഗങ്ങൾക്കും ഐ.സി.സി അംഗീകൃത സംഘടനകളുടെ അംഗങ്ങൾക്കുമായി പ്രിവിലേജ് കാർഡുകൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രിവിലേജ് കാർഡുടമകൾക്ക് വിവിധ ഷോപ്പുകൾ, ക്ലിനിക്കുകൾ, ബ്യൂട്ടി സെന്റർ, റസ്റ്റാറന്റ് എന്നിവടങ്ങളിൽനിന്ന് ഡിസ്കൗണ്ട് നിരക്കിൽ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാകും.
ഐ.സി.സി ക്ലബുകൾ
പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ സാഹിത്യ, ശാസ്ത്ര, ഫോട്ടോഗ്രഫി, പരിസ്ഥിതി മേഖലകളിൽ നൈപുണ്യം വികസിപ്പിക്കുന്നതിനും കഴിവുകൾ പങ്കുവെക്കുന്നതിനുമായി വിവിധ ക്ലബുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി ഐ.സി.സി പ്രസിഡന്റ് അറിയിച്ചു.
ലിറ്ററേച്ചർ ക്ലബ്: പ്രവാസി കുടുംബങ്ങളിലെ കുട്ടികളിലും മറ്റുമായി സാഹിത്യാഭിരുചി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലിറ്ററേച്ചർ ക്ലബ് സ്ഥാപിക്കുന്നത്. കഥ, കവിത, നോവലുകൾ ഉൾപ്പെടെ വിവിധ ഭാഷകളിലെ സാഹിത്യ കൃതികൾ വായിക്കാനും ചർച്ച ചെയ്യാനും പ്രേരിപ്പിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം. സാഹിത്യ അഭിരുചിയും ഭാഷാനൈപുണ്യവും വികസിപ്പിക്കുകയാണ് ലക്ഷ്യം.
സയൻസ് ആൻഡ് മാത്തമറ്റിക്സ് ക്ലബ്: ശാസ്ത്ര, ഗണിതശാസ്ത്ര വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർഥികൾക്കായി ഐ.സി.സി നേതൃത്വത്തിൽ ഒരുക്കുന്നതാണ് ഈ പ്ലാറ്റ്ഫോം. പുതിയ ശാസ്ത്ര കണ്ടെത്തലുകൾ, ഗവേഷണങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ സംബന്ധിച്ച് ചർച്ചയും അറിവും നൽകാൻ ഈ ക്ലബുകൾ വഴിയൊരുക്കും.
ഫോട്ടോഗ്രഫി ക്ലബ്: പ്രഫഷനൽ, അമച്വർ ഫോട്ടോഗ്രഫിയിൽ തൽപരരായവരെ ഒന്നിപ്പിക്കുന്ന ക്ലബിലൂടെ ഖത്തറിലുള്ള ആയിരത്തോളം ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക് പരസ്പരം അറിവും ബന്ധവും നിലനിർത്താനും പുതിയ സാങ്കേതിക വിദ്യകൾ പങ്കുവെക്കാനും അവസരം നൽകും.
ഐ.സി.സി ഫിലിം ക്ലബ്: പ്രവാസി സിനിമാപ്രേമികൾക്ക് ക്ലാസിക്കൽ സിനിമകൾ കാണാനും ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്ഫോം ആയാണ് ഫിലിം ക്ലബ് സ്ഥാപിക്കുന്നത്. പുതിയതും പഴയതുമായ ലോക, ഇന്ത്യൻ സിനിമകൾ ഇതുവഴി കാണാൻ അവസരമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

