വെബ്സമ്മിറ്റിൽ ഇത്തവണ റെക്കോഡ് പങ്കാളിത്തം; ഇതുവരെ രജിസ്റ്റർ ചെയ്തത് 1200ലധികം സ്റ്റാർട്ടപ്പുകൾ
text_fieldsദോഹ: ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാമത് വെബ്സമ്മിറ്റിൽ പങ്കെടുക്കാനുള്ള സ്റ്റാർട്ടപ്പുകളുടെ എണ്ണം 1200 കവിഞ്ഞതായി സംഘാടകർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പങ്കാളികളുടെ എണ്ണത്തിൽ വൻ വർധന പ്രതീക്ഷിക്കുന്നതായും വെബ്സമ്മിറ്റ് സ്ഥിരം സംഘാടകസമിതി ചെയർമാനും ഗവണ്മെന്റ് കമ്യൂണിക്കേഷൻസ് ഓഫിസ് മേധാവിയുമായ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജബർ ആൽഥാനി പറഞ്ഞു.
ഫെബ്രുവരി 23 മുതൽ 26 വരെയാണ് വെബ്സമ്മിറ്റ് നടക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതുവരെ ഇഷ്യു ചെയ്ത ടിക്കറ്റുകളുടെ എണ്ണത്തിൽ 90 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
ജനറൽ അറ്റൻഡർ ടിക്കറ്റുകളിൽ മൂന്നിരട്ടി വർധനയും പങ്കാളി സൈൻ-അപ്പുകൾ 115 ശതമാനം വർധനയും രേഖപ്പെടുത്തിയതായും പരിപാടിക്ക് മുമ്പ് എല്ലാ ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ് ജാസിം കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തിൽ 65 ശതമാനമാണ് വർധന. നിക്ഷേപകരുടെ സാന്നിധ്യം 250 ശതമാനമായി ഉയർന്നു.
വനിത ടെക് പ്രോഗ്രാമിന്റെ ടിക്കറ്റുകളിലും ഗണ്യമായ വർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ ആഗോള സാങ്കേതിക പരിപാടിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്നവേറ്റർമാരെയും നിക്ഷേപകരെയും ടെക്കികളെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഉദ്ഘാടന പതിപ്പിൽ 1100 സ്റ്റാർട്ടപ്പുകളാണ് പങ്കെടുത്തത്. ആഫ്രിക്കയിൽനിന്നുള്ള വർധിച്ച പങ്കാളിത്തവും പ്രത്യേകം ശ്രദ്ധേയമായിരുന്നു.
സെവൻ സെവൻ സിക്സ് സ്ഥാപകൻ അലക്സിസ് ഒഹാനിയൻ, ഫേസ്ബുക്ക്, ബി ക്യാപിറ്റൽ സഹസ്ഥാപക എഡ്വേർഡോ സാവെറിൻ, മോസില്ല കോർപറേഷൻ സി.ഇ.ഒ ലോറ ചേംബേഴ്സ് തുടങ്ങിയവരുൾപ്പെടുന്ന ലോകപ്രശസ്തരുടെ സ്പീക്കർ ലൈനപ്പാണ് ഇത്തവണത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

