ഭക്ഷണവും മരുന്നും ആയുധമാക്കുന്നത് അപലപനീയം -ഖത്തർ പ്രധാനമന്ത്രി
text_fieldsലുസൈലിൽ ആരംഭിച്ച ആഗോള സുരക്ഷാ ഫോറത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി നിർവഹിക്കുന്നു
ദോഹ: ഭക്ഷണവും മരുന്നും യുദ്ധോപകരണമാക്കുന്ന ഇസ്രായേൽ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ഗസ്സയിൽ തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ മനുഷ്യരാശിയുടെ മനസ്സാക്ഷിക്ക് മുകളിലെ കറയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ഫലസ്തീന്റെ മാനുഷിക പ്രതിസന്ധി എല്ലാ അതിർവരമ്പുകളും കടന്നുവെന്നും തുറന്നടിച്ചു. സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം നിലനിർത്താനും ചർച്ചകളാണ് ഏറ്റവും മികച്ച മാർഗമെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധവും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ പരസ്പര ചർച്ചകൾ എന്ന അടിസ്ഥാന തത്ത്വത്തെയാണ് ഖത്തർ പിന്തുടരുന്നത്. എല്ലാ സ്വാധീനമുള്ള കക്ഷികളുമായും സംഭാഷണത്തിനുള്ള വഴികൾ തുറന്നിടണമെന്ന് ബോധ്യപ്പെടുത്തുന്നതാണ് മധ്യസ്ഥതയും ചർച്ചകളും വഴി ഞങ്ങളുടെ അനുഭവ സമ്പത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. ദോഹയിൽ ആരംഭിച്ച ത്രിദിന ആഗോള സുരക്ഷ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ സംഭാഷണങ്ങളുടെ പ്രസക്തിയെ പ്രധാനമന്ത്രി വിശദീകരിച്ചത്.
‘ആഗോള സുരക്ഷയിൽ സർക്കാറിതര സംവിധാനങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തിലാണ് മൂന്നു ദിവസങ്ങളിലാണ് സുരക്ഷ സമ്മേളനം നടക്കുന്നത്. ആത്മാർഥമായ സംഭാഷണങ്ങളും നൂതന പങ്കാളിത്തങ്ങളും ആവശ്യമുള്ള സമയത്ത് നടക്കുന്ന ആഗോള സുരക്ഷാ ഫോറം ഏറെ പ്രസക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റുമുട്ടലുകളും യുദ്ധങ്ങളും നിയന്ത്രിക്കാൻ കഴിയാത്തവിധം വ്യാപിക്കുകയും വലിയതോതിൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് ഗസ്സയിലെയും യുക്രെയ്നിലെയും സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയകാല സുരക്ഷ വെല്ലുവിളികളെ നേരിടുന്നത് സംബന്ധിച്ച ചർച്ചകളും നിർദേശങ്ങളുമായാണ് ആഗോള ഫോറത്തിന് തുടക്കം കുറിച്ചത്. മുതിർന്ന ലോക നേതാക്കൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സുരക്ഷ വിദഗ്ധർ, അക്കാദമിക് പ്രമുഖർ, പൊതു പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

