വാട്ടർ ടാക്സി ഈ വർഷം -ഗതാഗത മന്ത്രാലയം
text_fieldsദോഹ: രാജ്യത്ത് ഗതാഗത സംവിധാനങ്ങളിൽ പുതുപരീക്ഷണമായി ജല ടാക്സി സംവിധാനം ഈവർഷം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം. പ്രവർത്തനക്ഷമത നിർണയിക്കുന്നതിെൻറ ഭാഗമായി അൽ മതാർ, ലുസൈൽ, ദഫ്ന തുടങ്ങിയ തീരപ്രദേശങ്ങളിൽ 2022ൽ വാട്ടർ ടാക്സി പരീക്ഷണാർഥം ഓടിത്തുടങ്ങുമെന്ന് ഗതാഗതമന്ത്രി ജാസിം ബിൻ സൈഫ് അഹ്മദ് അൽ സുലൈതി പറഞ്ഞു. ദോഹ മെട്രോ, മുവാസലാത്ത് (കർവ) ബസുകൾ പോലെ സമാന്തരമായ ബദൽ ഗതാഗത സംവിധാനമാണ് വാട്ടർ ടാക്സിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജാസിം ബിൻ സൈഫ് അൽ സുലൈതി ഖത്തർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ട്രെയിനിെൻറയും ട്രാമിെൻറയും സവിശേഷതകളോടുകൂടിയ ബസ് റാപിഡ് ട്രാൻസിറ്റ് (ബി.ആർ.ടി) സംവിധാനം പരീക്ഷണാർഥം പ്രവർത്തിപ്പിച്ചുവെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2022ലെ ഫിഫ ലോകകപ്പിന് ഈ ബസുകൾ ഉപയോഗിക്കുമെന്നും അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കും മിസൈദ്, ദുഖാൻ തുടങ്ങിയ വിദൂര പ്രദേശങ്ങളിലേക്കും സർവിസ് നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിെൻറ ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരീക്ഷിക്കുന്നതിനുള്ള സുവർണാവസരമായിരുന്നു അടുത്തിടെ സമാപിച്ച ഫിഫ അറബ് കപ്പ് ടൂർണമെൻറ്. 200 ഇലക്ട്രിക് ബസുകളാണ് ടൂർണമെൻറിൽ ഉപയോഗിച്ചത്. ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി 800 ഇലക്ട്രിക് ബസുകൾ കൂടി ഉടൻ രാജ്യത്തെത്തും. ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ കൃത്യമായ മാനദണ്ഡങ്ങൾ പുറത്തുവിടുന്നതിനായി ഗതാഗത മന്ത്രാലയം ഇലക്ട്രിക് വെഹിക്കിൾ സ്ട്രാറ്റജി ആരംഭിച്ചിട്ടുണ്ട്.
കാറുകൾക്കും ബസുകൾക്കും ഡീസൽ ട്രക്കുകൾക്കുമായി യൂറോപ്യൻ സവിശേഷതകളോടെയുള്ള പരിസരം ഒരുക്കുകയാണ് ഇതിെൻറ ലക്ഷ്യം. അടുത്ത വർഷം അവസാനത്തോടെ ഇത് പ്രാബല്യത്തിൽ വരുമെന്നും പരിസ്ഥിതി സംരക്ഷണത്തിനായി ഉന്നത നിലവാരത്തിലുള്ള ഗതാഗത സംവിധാനമാണ് ഖത്തർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുഇടങ്ങളിലും മന്ത്രാലയ ആസ്ഥാനങ്ങളിലും സർക്കാർ ഏജൻസി കേന്ദ്രങ്ങളിലുമായി ഇരുനൂറോളം ഇലക്ട്രിക് ചാർജറുകളാണ് സ്ഥാപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.