അൽ തുമാമയിൽ പൂർത്തിയാകുന്നത് ലോകത്തെ വലിയ ജലസംഭരണി
text_fieldsദോഹ: രാജ്യത്തിെൻറ ജല സുരക്ഷാ പദ്ധതിയിൽ നിർണായകമാകാനിരിക്കുന്ന അൽ തുമാമയിലെ മെഗാ ജല സംഭരണ പദ്ധതി ലോകത്തെ ഏറ്റവും വലുത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പദ്ധതി സന്ദർശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണ് നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
ഉംസലാൽ, ഉം ബറക, റൗദത് റാഷിദ്, ബൂ നഖ്ല, തുമാമ എന്നീ പ്രദേശങ്ങളിലായാണ് മെഗാ റിസർവോയർ പദ്ധതി പുരോഗമിക്കുന്നത്. 14.5 ബില്യൻ റിയാലാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഓരോ സംഭരണികളിലും 100 മില്യൻ ഗാലൻ ജലം സംഭരിക്കാൻ കഴിയും വിധത്തിൽ 15 റിസർവോയറുകളാണ് പദ്ധതിയിലുൾപ്പെട്ടിരിക്കുന്നത്. ഈ വർഷം മധ്യത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവർത്തനമാരംഭിക്കും. രാജ്യത്തിെൻറ ജല സംഭരണശേഷി 1500 മില്യൻ ഗാലൻ ആക്കിയുയർത്താൻ ഇതിലൂടെ സാധിക്കും. 2026 വരെയുള്ള ജല ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2015ൽ പ്രധാനമന്ത്രിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. നിർമ്മാണത്തിെൻറ വിവിധ ഘട്ടങ്ങളും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള കഹ്റമയുടെ ശ്രമങ്ങളും പ്രധാനമന്ത്രി കഴിഞ്ഞ ദിവസത്തെ സന്ദർശനത്തിൽ വിലയിരുത്തി.
ജലസംഭരണിയിലേക്ക് വെള്ളം പമ്പു ചെയ്യുന്നതിനു മുമ്പുള്ള പരിശോധനയാണ് പ്രധാനമന്ത്രി നടത്തിയത്. പിന്നിട്ട ഘട്ടങ്ങളെ കുറിച്ചും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചുമുള്ള പ്രത്യേക ഓഡിയോ വിഷ്വൽ പ്രദർശനവും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടത്തി. സുരക്ഷാ പരിശോധന പൂർത്തിയാകുന്ന മുറക്ക് സംഭരണിയിൽ ജലമെത്തിക്കും. രണ്ടാമത്തെ മെഗാ റിസർവോയർ ഈ മാസം അവസാനത്തിലും മൂന്നാമത്തേത് ഫെബ്രുവരി അവസാനവും നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ സഹകരണം ഉറപ്പാക്കിയും ലഭ്യമായ വസ്തുക്കളും സാമഗ്രികളും ഉപയോഗപ്പെടുത്തിയും അന്താരാഷട്ര വിപണികളിൽ നിന്നെത്തിച്ചും പദ്ധതികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് പ്രധാനമന്ത്രി കഹ്റമ അധികൃതർക്ക് നിർദേശം നൽകി. രാജ്യത്തിെൻറ ജലസുരക്ഷ പദ്ധതിക്കുള്ള പ്രധാനമന്ത്രിയുടെ സന്നദ്ധതയും പിന്തുണയുമാണ് സന്ദർശനത്തിലൂടെ വ്യക്തമാകുന്നതെന്ന് കഹ്റമ പ്രസിഡൻറ് ഇസ്സ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
