ഇറാൻ ആണവനിലയം ആക്രമിച്ചാൽ ഗൾഫിലെ കുടിവെള്ളം മുട്ടും -ഖത്തർ പ്രധാനമന്ത്രി
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനി
ദോഹ: ഇറാന്റെ ഗൾഫ് തീരത്തെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണവും മേഖലയിലുടനീളമുള്ള രാജ്യങ്ങളിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി. അമേരിക്കൻ മാധ്യമ പ്രവർത്തകനായ ടാക്കർ കാൾസണുമായുള്ള അഭിമുഖത്തിനിടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ആണവ കേന്ദ്രങ്ങൾക്ക് നേരെ ഒരു ആക്രമണമുണ്ടായാൽ കടൽ പൂർണമായും മലിനമാകും. മൂന്ന് ദിവസത്തിനുള്ളിൽ ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ വെള്ളം തീർന്നുപോകും. വെള്ളം, മത്സ്യം, ജീവൻ ഉൾപ്പെടെ ഒന്നുമില്ലാത്ത അവസ്ഥയായിരിക്കും ഇത്തരമൊരു ആക്രമണത്തിന്റെ ദുരന്തഫലം’’ -ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
ജലസംഭരണികളുടെ നിർമാണം ഖത്തറിന്റെ ജലശേഷി വർധിപ്പിച്ചുവെങ്കിലും മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഈയൊരു അപകടസാധ്യത നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് ഉൾക്കടൽ തീരത്തെ ബുഷെഹറിലാണ് ഇറാന്റെ ആണവ നിലയമുള്ളത്. എന്നാൽ, ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള പ്രധാന മൂലകമായ യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങൾ ഉൾനാടൻ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഖത്തറിന് സൈനിക ആശങ്കകൾ മാത്രമല്ല, സുരക്ഷ ആശങ്കകളുമുണ്ടെന്നും ഇറാനെതിരായ സൈനിക നടപടിയെ ഖത്തർ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇരു കക്ഷികളും തമ്മിൽ പരിഹാരം കാണുന്നതു വരെ നയതന്ത്ര ഇടപെടൽ തുടരും. തെഹ്റാൻ അനുരഞ്ജനത്തിന് തയാറാണെന്നും, എല്ലാവർക്കും ആശ്വാസം നൽകുന്ന ഒരു തലത്തിലെത്താൻ അവർ തയാറായിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് അഭിമുഖത്തിൽ സൂചിപ്പിച്ചു. ആണവ ചർച്ചക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ ക്ഷണിച്ച വാർത്ത പുറത്തുവന്ന അതേ ദിവസമായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ അഭിമുഖവും പ്രസിദ്ധീകരിച്ചത്.
അതേസമയം, ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്കെതിരായ വിമർശനങ്ങൾ അമേരിക്കയുടെ അടക്കം താൽപര്യങ്ങളെ ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗസ്സ വിഷയത്തിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഖത്തറിന്റെ താൽപര്യങ്ങളെയല്ല ബാധിക്കുന്നത്.
മേഖലയെയും തങ്ങളുടെ സുഹൃത്തുക്കളെയുമാണ് അത് അസ്ഥിരപ്പെടുത്തുന്നത്. അമേരിക്കൻ താൽപര്യങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ല. ഖത്തറിന്റെ എല്ലാ മധ്യസ്ഥ ശ്രമങ്ങളും സുതാര്യമാണ്. അമേരിക്കയുടെ കൂടി സഹകരണത്തോടെയാണ് ചർച്ചകൾ നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ ഖത്തർ ടൂളാക്കുന്നുവെന്ന ആരോപണം തമാശയാണെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

