പത്തരമാറ്റിൽ ദോഹ; ആഭരണ-വാച്ച് പ്രദർശനത്തിന് തുടക്കം
text_fieldsദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പ്രദർശന സ്റ്റാളുകൾ സന്ദർശിക്കുന്നു
ദോഹ: ഖത്തറിെൻറ മുറ്റത്തെ ആഭരണ, വാച്ച് പ്രദർശനത്തിന് കൊടിയേറി. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നായി 500ഓളം ബ്രാൻഡുകൾ പങ്കെടുക്കുന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച പ്രദർശനം 14 വരെ നീണ്ടുനിൽക്കും. തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിനുശേഷം, പ്രധാനമന്ത്രി പ്രദർശന നഗരിയിലെ ഖത്തരി, രാജ്യാന്തര കമ്പനികളുടെ പവലിയനുകൾ സന്ദർശിച്ചു. ഖത്തരി ഡിസൈനർമാരുടെ പവലിയനുകളും അദ്ദേഹം സന്ദർശിച്ചു. മന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ, കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്റ്റാളുകൾ സന്ദർശിക്കുന്ന ബോളിവുഡ് താരം ആലിയ ഭട്ട്
• അത്യാഡംഭര പ്രദർശനം
വിവിധ രാജ്യങ്ങളിൽനിന്നുള്ള ആഭരണ ഡിസൈനർമാരും, നിർമാതാക്കളും വിൽപനക്കാരുമെല്ലാം അണിനിരക്കുന്ന ഡി.ജെ.ഡബ്ല്യൂ.ഇയുടെ 18ാമത് പതിപ്പിനാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാവുന്നത്.
പരമ്പരാഗത ഡിസൈൻ മുതൽ, ക്ലാസിക്കൽ രീതികളിലേതു വരെ അത്യാഡംബര ഡിസൈനുകളുടെ വിപുലശേഖരവുമായാണ് പ്രദർശനത്തിന് ദോഹ വേദിയാവുന്നത്.
19 പ്രമുഖ ഖത്തരി ഡിസൈനർമാരും എക്സിബിഷനിലുണ്ട്. അൽഫർദാൻ, അലി ബിൻഅലി ലക്ഷ്വറി, അൽ മാജിദ് ജ്വല്ലറി, അൽ മുഫ്തഹ്, അമിരി ജെംസ്, ബ്ലൂ സലൂൺ, ബവിൽഗരി, ഫിഫ്റ്റി വൺ ഈസ്റ്റ്, ലൂയി വിറ്റൺ എന്നീ പ്രധാനികളാണ് പ്രദർശനത്തിലെ ആകർഷകം.
ലോകകപ്പിെൻറ സ്പോൺസർമാരിൽ ഒരാളായ അൽ മാജിദിെൻറ ലോകകപ്പ് ഫുട്ബാൾ സ്പെഷൽ കലക്ഷനും പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്. www.djwe.qa എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രദർശനത്തിൽ സൗജന്യമായി പങ്കെടുക്കാം.
തിങ്കളാഴ്ച മുതൽ 12 വരെ ഉച്ച 12 മുതൽ രാത്രി 10 വരെയും, 13 വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം. അവസാന ദിനമായ ശനിയാഴ്ച ഉച്ച 12 മുതൽ 10 വരെ പ്രവേശനമുണ്ടായിരിക്കും.ദോഹ മെട്രോ റെഡ്ലൈനിൽ ഡി.ഇ.സി.സി സ്റ്റേഷനിൽനിന്നും എക്സിബിഷൻ വേദിയിലെത്താം.
താരമായി ആലിയ ഭട്ട്
തിങ്കളാഴ്ച ആരംഭിച്ച ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷെൻറ ആദ്യ ദിനത്തിൽ താരമായി ബോളിവുഡ് സൂപ്പർതാരം ആലിയ ഭട്ട്. ആറു ദിനം നീണ്ടുനിൽക്കുന്ന പ്രദർശനത്തിെൻറ മുഖ്യാതിഥിയായിരുന്നു ആലിയ ഭട്ട്. പ്രദർശന നഗരിയിലെ സ്റ്റാളുകളും വിവിധ പവലിയനുകളും അവർ സന്ദർശിച്ചു.
ഇന്ത്യൻ പവലിയൻ ഉദ്ഘാടനം
ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്നായി 500ഓളം ബ്രാൻഡുകളും 65 പ്രദർശന സ്റ്റാളുകളും അണിനിരക്കുന്ന പ്രദർശനത്തിൽ ഇന്ത്യക്കും ഖത്തറിനും മാത്രമാണ് സ്വന്തം പവലിയനുകളുള്ളത്.
തിങ്കളാഴ്ച ഉച്ചക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ അംബാസഡർ ഡോ. ദീപക് മിത്തലും പങ്കെടുത്തു.സ്വർണ, വജ്രാഭരണ രംഗത്തെ ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം കൂടി പ്രദർശിപ്പിക്കുന്നതാണ് ഇന്ത്യൻ പവലിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

