മാലിന്യ സംസ്കരണം; അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ കണ്ടെയ്നർ ബിന്നുകൾ വിതരണം ചെയ്തു
text_fieldsദോഹ: മാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ നീല നിറത്തിലുള്ള കണ്ടെയ്നർ ബിന്നുകൾ വിതരണം ചെയ്തു. ഖത്തർ നാഷണൽ വിഷൻ 2030ന്റെയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് ക്ലീൻലിനെസ്സ് സ്ട്രാറ്റജിയുടെയും ഭാഗമായാണ് അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ 6,691 നീല കണ്ടെയ്നറുകൾ വിതരണം ചെയ്തത്.
മാലിന്യങ്ങൾ അവയുടെ ഉറവിടത്തിൽ തന്നെ തരംതിരിക്കാൻ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കാനും അതുവഴി പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ലോഹങ്ങൾ, പേപ്പർ, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയ പുനരുപയോഗിക്കാവുന്ന വസ്തുക്കളോ മാലിന്യങ്ങളോ നിക്ഷേപിക്കാനാണ് നീല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ, മറ്റ് ജൈവമാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കാൻ ഗ്രേ നിറത്തിലുള്ള കണ്ടെയ്നറുകളും ഉപയോഗിക്കുന്നു.
പദ്ധതിയുടെ ഭാഗമായി 2025 നവംബറിൽ മാത്രം അൽ റയ്യാനിലെ വിവിധ ഭാഗങ്ങളിൽ 667 എണ്ണം നീല, ഗ്രേ നിറത്തിലുള്ള കണ്ടെയ്നറുകളാണ് വിതരണം ചെയ്തത്. സൗത്ത് മുറൈഖ്, അൽ വാബ്, റൗദത്ത് അബ അൽ ഹിറാൻ, ഗറാഫത്ത് അൽ റയ്യാൻ, ഫരീജ് അൽ സുഡാൻ, ഫെരീജ് അൽ മുർറ എന്നീ പ്രദേശങ്ങളിലാണ് ഇവ വിതരണം ചെയ്തത്.
2019-ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതി, 2022-ലെ ഫിഫ ലോകകപ്പോടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സ്കൂൾ, ഹെൽത്ത് കെയർ സെന്റർ, ബാങ്കുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലാണ് നടപ്പാക്കിയിരുന്നത്.
പദ്ധതിയുടെ വിജയം ഉറപ്പാക്കാൻ വീട്ടുജോലിക്കാർക്കും താമസക്കാർക്കുമായി മന്ത്രാലയം ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകിവരുന്നുണ്ട്. ക്യു.ആർ കോഡ് സംവിധാനമുള്ള ബിന്നുകൾ വഴി മാലിന്യം എങ്ങനെ തരംതിരിക്കണം എന്ന കൃത്യമായ നിർദ്ദേശങ്ങളും ലഭ്യമാണ്.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരമായ മാലിന്യ സംസ്കരണത്തിനും പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
മാലിന്യങ്ങൽ ഉറവിടത്തിൽനിന്ന് തന്നെ തരംതിരിച്ച് സംസ്കരിക്കുക എന്ന പദ്ധതിയുടെ വിപുലീകരണത്തിലൂടെ, സുസ്ഥിര മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം, സമൂഹ പങ്കാളിത്തം എന്നിവ ഉറപ്പാക്കാനും മുനിസിപ്പാലിറ്റി മന്ത്രാലയം ലക്ഷ്യമിടുന്നു.
ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി, അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുക, മാലിന്യ സംസ്കരണ ചെലവുകൾ കുറയ്ക്കുക, പുനരുപയോഗം ചെയ്യാവുന്ന വിഭവങ്ങൾ ഉപയോഗിക്കാൻ വ്യവസായ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ പരിസ്ഥിതി സുസ്ഥിരതക്ക് സംഭാവന നൽകാൻ ഖത്തർ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

