നേട്ടവുമായി മാലിന്യ നിർമാർജന പദ്ധതി; കഴിഞ്ഞ മാസം നീക്കിയത് 94,255 ടൺ മാലിന്യം
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കുന്നു
ദോഹ: രാജ്യത്തിെൻറ വിവിധ മാലിന്യ നിർമാർജന പദ്ധതികൾ വിജയത്തിൽ. വിവിധ ഭാഗങ്ങളിൽനിന്നായി കഴിഞ്ഞ മാസം 94,255 ടൺ മാലിന്യം നീക്കം ചെയ്തുവെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.വീടുകളിൽനിന്നുള്ള മാലിന്യങ്ങൾ, നിർമാണ മാലിന്യങ്ങൾ, സോളിഡ് വേസ്റ്റ് എന്നിവ ഇതിലുൾപ്പെടും. ഇതിന് പുറമെ അലക്ഷ്യമായി വലിച്ചെറിഞ്ഞ 36,240 ടൺ മാലിന്യവും നീക്കം ചെയ്തു.കേടുപാട് സംഭവിച്ചതും നീക്കം ചെയ്തതുമായ 6712 ടയറുകൾ, നീക്കം ചെയ്ത 54 റോഡ് അടയാള ബോർഡുകൾ, 568 ജീവികളുടെ ശവശരീരം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 850 വാഹനങ്ങളും മന്ത്രാലയം നീക്കംചെയ്തു.
പൊതു ശുചിത്വ നിയമലംഘനം നടത്തിയതിന് 141 നിയമലംഘന നോട്ടീസും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസേവനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 2037 അപേക്ഷകൾ ലഭിച്ചതായും 675 പുതിയ മാലിന്യ കണ്ടെയ്നറുകൾ അനുവദിച്ചതായും 8219 കണ്ടെയ്നറുകൾ വൃത്തിയാക്കിയതായും മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം നിലവിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് (ബലദിയ) കീഴിലെ ജനറൽ ക്ലീൻലിനെസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയാണ്.
ബാങ്കുകൾ, സാമ്പത്തികകാര്യ സ്ഥാപനങ്ങൾ, വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങി രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. ഉറവിടത്തിൽനിന്നുതന്നെ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന രണ്ടുതരം പെട്ടികൾ മന്ത്രാലയം നൽകും. ഭക്ഷ്യാവശിഷ്ടം (ജൈവിക സാധനങ്ങൾ), പുനഃചംക്രമണം സാധ്യമായ മാലിന്യം (കടലാസ്, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റലുകൾ തുടങ്ങിയവ) എന്നിങ്ങനെ രണ്ടു രൂപത്തിലായാണ് വേർതിരിക്കുക.
പുനഃചംക്രമണം സാധ്യമാകുന്ന മാലിന്യം മന്ത്രാലയം ശേഖരിച്ച് നിക്ഷേപിക്കാനുള്ള വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള വാഹനവും ഏർപ്പാടാക്കും. ജൈവിക മാലിന്യം ഉറവിടത്തിൽ തന്നെ ഉപയോഗിക്കുകയും വേണം.2019ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന തരത്തിൽ നാലു ഘട്ടങ്ങളിലായാണ് പദ്ധതി നടത്തിപ്പ്.
2022ലാണ് നാലാം ഘട്ടം തുടങ്ങുക. ഈ ഘട്ടത്തിൽ രാജ്യത്തെ എല്ലാ വീടുകളും താമസകേന്ദ്രങ്ങളും വരും. പുനഃചംക്രമണം സാധ്യമായ മാലിന്യം ഇലക്ട്രോണിക് സംവിധാനം വഴി ശേഖരിക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യുക. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങൾ, മറ്റു കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയെല്ലാം നാലാമത് ഘട്ടത്തിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

