യുദ്ധക്കുറ്റം: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തർ
text_fieldsചൊവ്വാഴ്ച ദോഹയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മന്ത്രിതല
സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി
സംസാരിക്കുന്നു
ദോഹ: ഗസ്സയിൽ നിഷ്ഠുര ആക്രമണം തുടരുന്ന ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെ അന്താരാഷ്ട്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ഖത്തർ. ചൊവ്വാഴ്ച ദോഹയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ 44ാമത് ഉച്ചകോടിക്കു മുമ്പായി നടന്ന മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയാണ് ഇക്കാര്യമുന്നയിച്ചത്.
ഇസ്രായേൽ അധിനിവേശ സേന ഗസ്സയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. യുദ്ധക്കുറ്റങ്ങളില്‍ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശിക്ഷയില്‍നിന്ന് അവര്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും അന്വേഷണം ഉടന്‍ നടത്തണമെന്നും വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ‘‘സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാരെയും ആശുപത്രി, സ്കൂൾ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ അവശ്യസേവനങ്ങളെല്ലാം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്.
ഉപരോധംകൊണ്ട് വരിഞ്ഞുമുറുക്കിയ ഫലസ്തീൻ ജനതയെ കുടിയിറക്കിയും വംശീയ ഉന്മൂലനം നടത്തിയും ഇസ്രായേൽ തുടരുന്ന അതിക്രമം മനുഷ്യരാശിക്കെതിരായ യുദ്ധക്കുറ്റമായി കണക്കാക്കണം’’ -പ്രധാനമന്ത്രി പറഞ്ഞു. ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിനിടെ ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ഇടപെടലിനെ തുടർന്ന് നവംബർ 24 മുതൽ ഏഴു ദിവസം വെടിനിർത്തൽ സാധ്യമായെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വീണ്ടും ഇസ്രായേൽ ആക്രമണത്തിന് തുടക്കം കുറിച്ചതിനെ പ്രധാനമന്ത്രി അപലപിച്ചു.
വെടിനിർത്തലും സമാധാന ശ്രമവും തടസ്സപ്പെട്ടുവെങ്കിലും ഖത്തറിന്റെ നേതൃത്വത്തിൽ മറ്റ് അന്താരാഷ്ട്ര കക്ഷികളുമായി സഹകരിച്ച് വെടിനിർത്തൽ ശ്രമം ശക്തമായി തുടരുമെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി പറഞ്ഞു. വെടിനിർത്തലും യുദ്ധം പൂർണമായി അവസാനിപ്പിച്ച് മേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കലുമാണ് ഖത്തറിന്റെ ലക്ഷ്യം. 1967ലെ അതിർത്തി അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര രൂപവത്കരണത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

