വഖഫ് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ
text_fieldsഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ് ഇൻഡക്സ്
വെബ്സൈറ്റ് ഉദ്ഘാടനം ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനെം ആൽഥാനി നിർവഹിക്കുന്നു
ദോഹ: രാജ്യത്തെ വഖഫ് വിവരങ്ങളുടെ ഏറ്റവും വലിയ സ്ഥിതിവിവരക്കണക്കുകളുമായി പുതിയ വെബ്സൈറ്റ് ‘ഔഖാഫ് ഇൻഡക്സ്’ ഉദ്ഘാടനം ചെയ്തു. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രിയെ പ്രതിനിധീകരിച്ച് അണ്ടർ സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനെം ആൽഥാനിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
വഖഫുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ചുവടുവെപ്പാണിതെന്നും സമൂഹത്തിലും സാംസ്കാരിക വികസനത്തിലും വഖഫിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും ഔഖാഫ് ജനറൽ അഡ്മിനിസ്ട്രേഷനിലെ വഖഫ് പഠന കേന്ദ്രം മേധാവി ഡോ. ഖാലിദ് അബ്ദുല്ല അൽ ഔൻ പറഞ്ഞു.
ഗവേഷകർക്കും വഖഫ് വിഷയങ്ങളിൽ തൽപരരായവർക്കും കൃത്യവും സമഗ്രവുമായ വിവരങ്ങൾ തേടുന്നതിനും വഖഫുമായി ബന്ധപ്പെട്ട പഠന, ഗവേഷണങ്ങൾ സമ്പന്നമാക്കുന്നതിനുമുള്ള വിശ്വസനീയമായ ഉറവിടമായി ഈ സൈറ്റ് നിലകൊള്ളുമെന്നും ഡോ. അൽ ഔൻ കൂട്ടിച്ചേർത്തു. ഇസ്ലാമിക ചരിത്രത്തിലും സമകാലിക സമൂഹത്തിലും വഖഫിന്റെ പങ്ക് സംബന്ധിച്ച അറിവും ധാരണയും വർധിപ്പിക്കുന്നതിന് ‘ഔഖാഫ് ഇൻഡക്സ്’ നൽകുന്ന വിവരങ്ങളിൽനിന്ന് പ്രയോജനം നേടാൻ അദ്ദേഹം അഭ്യർഥിച്ചു.
ഇസ്ലാമിക സമൂഹത്തിൽ വഖഫിന്റെ പ്രാധാന്യത്തെക്കുറിച്ച സാംസ്കാരികവും ചരിത്രപരവുമായ അവബോധം വളർത്തുന്നതിന് സംഭാവന ചെയ്യുന്ന കൈയെഴുത്ത് പ്രതികൾ, പ്രസിദ്ധീകരണങ്ങൾ, നിയമങ്ങൾ, പഠനങ്ങൾ എന്നിവയുൾപ്പെടെ വഖഫുമായി ബന്ധപ്പെട്ട സമഗ്രവും വിശ്വസനീയവുമായ വിവരങ്ങൾ നൽകുകയാണ് ‘ഔഖാഫ് ഇൻഡക്സ്’ ലക്ഷ്യമിടുന്നത്.
193 കൈയെഴുത്തുപ്രതികൾ, നിയമവും നിയന്ത്രണങ്ങളും സംബന്ധിച്ച 90 തലക്കെട്ടുകൾ, 403 ഗവേഷണ പ്രബന്ധങ്ങൾ, 1679 പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും, 1394 വിഷയ വൈവിധ്യങ്ങൾ, 653 അക്കാദമിക് പ്രബന്ധങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വലിയ ഡാറ്റാബേസാണ് സൈറ്റിലുൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

