അകക്കണ്ണിന്റെ കരുത്തിൽ അവരും ആസ്വദിക്കട്ടെ
text_fields1. അൽ വക്റ തീരത്തെ കാഴ്ചവൈകല്യമുള്ളവർക്കായി നിർമിച്ച നടപ്പാത, 2. ബ്രെയിൽ ലിപിയിൽ തീർത്ത നിർദേശങ്ങൾ
ദോഹ: കടലോരവും പാർക്കുകളുമെല്ലാം ആസ്വദിക്കാനെത്തുന്ന പൊതുജനങ്ങൾക്കൊപ്പം ഭിന്നശേഷിക്കാർക്കും മുഖ്യ പരിഗണന നൽകിക്കൊണ്ട് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വേറിട്ട മാതൃക. കാഴ്ച വൈകല്യമുള്ള സന്ദർശകർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ നടന്നു നീങ്ങാനും, നിർദേശങ്ങൾ വായിച്ചറിയാനും തീരം ആസ്വദിക്കാനുമെല്ലാം സൗകര്യമൊരുക്കിക്കൊണ്ട് അൽ വക്റ ബീച്ചിൽ ഭിന്നശേഷി സൗഹൃദ നടപ്പാത തുറന്നു നൽകിയത്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ‘ഭിന്നശേഷി സൗഹൃദ വക്റ’ എന്ന സംരംഭം നടപ്പാക്കിയത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കാഴ്ച പരിമിതിയുള്ളവർക്കായി വക്റ ബീച്ചിൽ തുറന്നുകൊടുത്ത ഈ നടപ്പാതയെന്ന് വക്റ മുനിസിപ്പാലിറ്റി മേധാവി മുഹമ്മദ് ഹസൻ അൽ നുഐമി ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു. കാഴ്ചവൈകല്യമുള്ള സന്ദർശകർക്ക് വേഗത്തിലും എളുപ്പത്തിലും പ്രവേശനം ഉറപ്പാക്കുന്നതിനായി ബ്രെയിൽ ലിപിയിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന അടയാളങ്ങൾ നടപ്പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായും റീസൈക്കിൾ ചെയ്ത വസ്തുക്കളിൽനിന്നാണ് ഇവ നിർമിച്ചിരിക്കുന്നതെന്ന സവിശേഷതയും ഈ അടയാളങ്ങൾക്കുണ്ട്.
വൈകല്യമുള്ളവർക്കായി സുസ്ഥിരമായ ബീച്ച് വികസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിതെന്ന് വാക്ക് വേ പദ്ധതിയുടെ ഉപദേഷ്ടാവ് സുഹ മഹ്മൂദ് തുഫൈലിയ പറഞ്ഞു. ചലന വൈകല്യമുള്ളവർക്കും പ്രായമായവർക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രത്യേക കടൽ നടപ്പാത നിർമിച്ചു കൊണ്ട് 2022ലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ സർവേയിൽ രാജ്യത്തെ 8.1 ശതമാനം ആളുകൾ ഏതെങ്കിലും രീതിയിലുള്ള കാഴ്ചവൈകല്യം നേരിടുന്നതായി കണ്ടെത്തിയിരുന്നു. ഇവരിൽ 0.2 ശതമാനം പേരും ഗുരുതര കാഴ്ചവൈകല്യം മൂലം പ്രയാസപ്പെടുന്നവരാണെന്നും, 0.3 ശതമാനം പേർക്ക് കാഴ്ചയുടെ അഭാവം കണ്ടെത്തിയതായും സർവേ റിപ്പോർട്ടിൽ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

