ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുന്നു -അൽ മാജിദ് ബിൻ അൻസാരി
text_fieldsദോഹ: ഫലസ്തീനിൽ വെടിനിർത്തലും ബന്ദികളുടെ മോചനവുമായും ബന്ധപ്പെട്ട കരാറിൽ ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർദേശത്തോട് കഴിഞ്ഞയാഴ്ച ഹമാസ് പോസിറ്റിവായാണ് പ്രതികരിച്ചത്.
തുടർന്ന് ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് മധ്യസ്ഥർ. യുദ്ധത്തിലുടനീളം ഖത്തറും ഈജിപ്തും യു.എസുമായി ചേർന്ന് വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നുണ്ട്. രണ്ട് താൽക്കാലിക വെടിനിർത്തലുകൾക്ക് ധാരണയായെങ്കിലും, തുടർ ചർച്ചകളിൽ ശാശ്വതമായ പരിഹാരം കാണാൻ സാധിച്ചില്ല.
മധ്യസ്ഥർ മുന്നോട്ടുവെച്ച 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിൽ തടവുകാരെയും ബന്ദികളെയും കൈമാറുകയും ഇസ്രായേൽ സേനയെ പിൻവലിക്കുകയും ചെയ്യുന്നതാണ് പുതിയ നിർദേശം.
ഫലസ്തീനിൽ മാനുഷിക സഹായങ്ങളുടെ വിതരണം ഉറപ്പാക്കുകയും ചെയ്യും. ഞങ്ങൾ ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് -ചൊവ്വാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി ആവർത്തിച്ചു. ഇപ്പോൾ കേൾക്കുന്ന പ്രസ്താവനകൾ ആത്മവിശ്വാസം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖാൻ യൂനുസിലെ അൽ നാസർ മെഡിക്കൽ കോംപ്ലക്സിൽ കഴിഞ്ഞദിവസം ഇസ്രായേൽ അധിനിവേശ സേന നടത്തിയ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചിരുന്നു. നിരപരാധികളായ സിവിലിയന്മാർ കൊല്ലപ്പെട്ട ഈ ആക്രമണം, ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ഹീനമായ കുറ്റകൃത്യങ്ങളുടെ തുടർച്ചയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും ആവർത്തിച്ചു.
സിവിലിയന്മാർക്ക് ആവശ്യമായ സംരക്ഷണം നൽകണം. മേഖലയിൽ മാധ്യമപ്രവർത്തകരെയും ദുരിതാശ്വാസ-സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യംവെച്ചുള്ള അധിനിവേശ സേനയുടെ നടപടി അവസാനിപ്പിക്കണമെന്നും അതിക്രമങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അടിയന്തരമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

