വോട്ടർ പട്ടിക തീവ്ര പരിഷ്കരണം; പ്രവാസികൾക്ക് കോൾ സെന്റർ പ്രവർത്തനം തുടങ്ങി
text_fieldsപ്രവാസി വെല്‍ഫെയര്‍ എസ്.ഐ.ആര് ഇന്‍ഫര്‍മേഷന്‍ ഹെൽപ്
ദോഹ: കേരളത്തിൽ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളുടെ (എസ്.ഐ.ആർ) ഭാഗമായി പ്രവാസികൾക്ക് സംശയ നിവാരണത്തിന് പ്രത്യേക കോൾ സെന്റർ പ്രവർത്തനം തുടങ്ങി. 0471-2551965 എന്ന നമ്പറിൽ വിളിച്ച് പ്രവാസികൾക്ക് സംശയങ്ങൾ തീർക്കാം. ഇന്ത്യൻ സമയം രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴുവരെയാണ് കോൾ സെന്റർ പ്രവർത്തിക്കുക. overseaselectorsir26@gmail.com എ ന്ന ഇ-മെയിലിലേക്കും സംശയങ്ങൾ അയക്കാം.
കേരളത്തിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1.84 കോടി പേർക്ക് എന്യൂമറേഷൻ ഫോറം വിതരണം ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൊത്തം വോട്ടർമാരുടെ 66.27 ശതമാനം വരുമിത്. അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ളവർക്കും ഫോറം വിതരണം പൂർത്തിയാക്കും. ജോലി, പഠനം തുടങ്ങിയ കാരണങ്ങളാൽ നാട്ടിലില്ലാത്തവർക്കായി രണ്ട് വഴികളാണ് തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെക്കുന്നത്. വീടുകളിൽ എത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫോറം വിതരണം നടത്തുന്നുണ്ട്. ഇവ നാട്ടിലുള്ള ബന്ധുക്കൾ വഴി പ്രവാസികൾക്ക് പൂരിപ്പിച്ചു നൽകാം എന്നതാണ് ആദ്യത്തെ വഴി. അല്ലെങ്കിൽ ഓൺലൈൻ വഴി ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യാവുന്നതുമാണ്.
എസ്.ഐ.ആര് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ നാട്ടിൽ ഇല്ലാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകും എന്ന ആശങ്ക തുടക്കം മുതൽ ഉണ്ട്. വീട് സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) രേഖകളും ഫോറങ്ങളും പരിശോധിച്ച് വോട്ടർമാരെ ഉറപ്പുവരുത്തിയാണ് ആദ്യഘട്ട നടപടികൾ പൂർത്തിയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസുകളോ അറിയിപ്പുകളോ സമയബന്ധിതമായി കൈപ്പറ്റാൻ കഴിയില്ല. പ്രവാസികളിൽ പലരുടെയും ഇന്ത്യയിലെ വിലാസം മാറാൻ ഇടയുണ്ട്. പഴയ സഥലത്ത് വോട്ടും പുതിയ സഥലത്ത് താമസവുമുള്ള പ്രവാസികൾ ഉണ്ട്. കുടുംബത്തോടെ വിദേശത്തുള്ളവരും തുടങ്ങി പ്രവാസികൾ വിവിധ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഇത്തരക്കാർക്ക് കാൾ സെന്ററിൽ വിളിച്ച് സംശയങ്ങൾ തീർക്കാവുന്നതാണ്. ഖത്തറിൽൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രവാസികളുടെ ആശങ്കയകറ്റാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിലും അനുബന്ധ രേഖകള്‍ ശരിയാക്കാന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പ്രവാസി വെല്‍ഫെയര്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫിസിലാണ് ഇന്‍ഫര്‍മേഷന്‍ ഡെസ്ക് പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും വൈകീട്ട് ആറു മണിമുതല്‍ ഒമ്പതു മണി വരെ നേരിട്ടെത്തി സേവനം ഉപയോഗപ്പെടുത്താം. 33357011 എന്ന വാട്സപ്പ് നമ്പറിലും ബന്ധപ്പെട്ട് സംശയ നിവാരണം നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

