പ്രവാസികൾക്കിത് കുടുംബസംഗമം; ഹയ്യാ പ്രവേശന അനുമതിയിലൂടെ ഖത്തറിലേക്ക് സന്ദർശകർ ഒഴുകിയെത്തുന്നു
text_fieldsദോഹ കോർണിഷിലെ ലൈറ്റ്സ് ഫെസ്റ്റിവൽ ആസ്വദിക്കുന്ന സന്ദർശകർ
ദോഹ: വേനലവധിയിൽ ഈസ്റ്ററും വിഷുവും പെരുന്നാളുമെത്തിയപ്പോൾ ഒരു ഖത്തർ യാത്ര... പ്രവാസികളായി ജോലിചെയ്യുന്ന മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അവധിക്കാലം ചെലവഴിക്കാനുള്ള അവസരമായി ‘ഹയ്യാ യാത്ര’ അവസരം മാറ്റിത്തീർക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരങ്ങൾ. ലോകകപ്പ് വേളയിൽ ആരാധകർക്കായി നടപ്പാക്കിയ ഹയ്യാ കാർഡ് കഴിഞ്ഞ ജനുവരി മുതൽ രാജ്യത്തേക്കുള്ള മൾട്ടി എൻട്രി പെർമിറ്റായി മാറിയതോടെ രണ്ടുമൂന്ന് മാസങ്ങൾക്കുള്ളിൽ വലിയ തോതിലാണ് ഖത്തറിലേക്ക് സന്ദർശകർ എത്തുന്നത്.
ലോകകപ്പിനെത്തിയ വിദേശ ആരാധകർക്ക് ‘ഹയ്യാ വിത് മി’ ഓപ്ഷൻ വഴി ബന്ധുക്കളും സുഹൃത്തുക്കളുമായ മൂന്നുപേരെ വീതം ഖത്തറിൽ എത്തിക്കാം എന്ന സൗകര്യം ആഘോഷവേളയിലെ കുടുംബ സംഗമങ്ങൾക്കുള്ള വേദിയായി മാറിയിരിക്കുന്നു. മലയാളികൾ മുതൽ മറ്റ് ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും സന്ദർശകരുടെ പ്രവാഹമാണ് ഖത്തറിലിപ്പോൾ. യു.എ.ഇ, സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകകപ്പിനെത്തിയവർ തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒപ്പംകൂട്ടിയും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ്.
നാട്ടിൽ സ്കൂളുകൾ അടച്ച്, വേനലവധി ആരംഭിച്ചതോടെ കുടുംബത്തെ ‘ഹയ്യാ വിത്ത് മി’ സൗകര്യം ഉപയോഗപ്പെടുത്തി ഖത്തറിലെത്തിക്കുന്ന തിരക്കിലാണ് പ്രവാസി മലയാളികൾ. കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന് ഖത്തറിലേക്ക് പറന്നുയരുന്ന വിമാനങ്ങളിൽ ഏറെയും ഇപ്പോൾ ഹയ്യാ യാത്രക്കാരാണ്.
നാട്ടിലെ വിമാനത്താവളങ്ങളിൽ രേഖകളെല്ലാം വിശദമായി പരിശോധിക്കാനുള്ള സംവിധാനമുണ്ടെന്ന് കഴിഞ്ഞ ദിവസം ദോഹയിലെത്തിയ കണ്ണൂർ സ്വദേശിനി സംഗീത പറയുന്നു. ‘‘ഹയ്യാ യാത്രക്കാരുടെ നീണ്ട ക്യൂ തന്നെയുണ്ടായിരുന്നു. എൻട്രി പെർമിറ്റ്, റിട്ടേൺ ഉൾപ്പെടെയുള്ള വിമാന ടിക്കറ്റുകൾ, ഇൻഷുറൻസ്, താമസ രേഖകൾ തുടങ്ങിയവയുടെ വിശദ പരിശോധനകൾ നാട്ടിൽതന്നെ പൂർത്തിയാവുന്നുണ്ട്. ഖത്തറിലെത്തിയപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽതന്നെ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാനും കഴിഞ്ഞു’ -സംഗീത ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മലയാളികളെപ്പോലെ മറ്റ് രാജ്യക്കാരായ പ്രവാസികളും ഈ അവസരം ഉപയോഗിച്ച് ബന്ധുക്കളെ ഖത്തറിലെത്തിക്കുന്ന തിരക്കിലാണിപ്പോൾ. ഏറെനാളായി അമ്മയെ കൊണ്ടുവരണമെന്ന ആഗ്രഹത്തിലായിരുന്നു കണ്ണൂർ സ്വദേശിയായ രഞ്ജിത്. ഹയ്യാ സൗകര്യം വന്നപ്പോൾ ലോകകപ്പിന് വന്ന സുഹൃത്ത് നൽകിയ വൗച്ചർ ഉപയോഗിച്ച് അമ്മയെയും കൊണ്ടുവരാൻ കഴിഞ്ഞെന്ന് ഇദ്ദേഹം പറയുന്നു. ‘‘അപേക്ഷ നടപടികൾ ലളിതമായിരുന്നു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകി ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുമതി ലഭിച്ചു. തുടർന്ന് ഇൻഷുറൻസും റിട്ടേൺ ടിക്കറ്റും താമസ രേഖയും സഹിതം അമ്മയെ കൊണ്ടുവരാൻ കഴിഞ്ഞു’’ -രഞ്ജിത് പറയുന്നു.
ഫിലിപ്പീൻസുകാരനായ മാറിവിക് പഡുവ പ്രായമുള്ള അമ്മയെയും രണ്ട് സഹോദരങ്ങളെയും ഹയ്യാ വഴി ദോഹയിലെത്തിച്ച സന്തോഷത്തിലാണ്. ഹയ്യാ വിത്ത് മി ലളിതവും വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനവുമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പ്രായമുള്ളത് കാരണം സന്ദർശകവിസ എളുപ്പമായിരുന്നില്ല.
എന്നാൽ, ഹയ്യാവഴി എളുപ്പം പാസാവുകയും കഴിഞ്ഞ ദിവസം ദോഹയിലെത്തുകയും ചെയ്തതായി ഈസ്റ്റർ ആഘോഷത്തിനുള്ള ഒരുക്കത്തിനിടെ മാറിവിക് പറഞ്ഞു.
മാനദണ്ഡങ്ങളെല്ലാം പാലിച്ച് ദോഹ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് 30 മിനിറ്റിനുള്ളിൽതന്നെ പുറത്തെത്താനും കഴിയുന്നുണ്ട്. ഹയ്യാ വിത്ത് മി ഉപയോഗിച്ച് യാത്രാനുമതി നേടുന്നവർന്ന് മൾട്ടിപ്ൾ എൻട്രി പെർമിറ്റാണ് ഖത്തർ അനുവദിക്കുന്നത്. 2024 ജനുവരി 10 വരെയുള്ള കാലാവധിക്കുള്ളിൽ എത്രതവണ വേണമെങ്കിലും ഖത്തറിൽ വന്നുമടങ്ങാം. ഹയ്യാ അപേക്ഷക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, താമസം സംബന്ധിച്ച രേഖകളും (ഫാമിലി/ഫ്രണ്ട്സ് അക്കമഡേഷൻ അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ്), ഖത്തറിൽ നിൽക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ് എന്നിവ നിർബന്ധമാണ്.
എല്ലായിടത്തും തിരക്ക്
ലോകകപ്പ് കഴിഞ്ഞതോടെ ഒഴിഞ്ഞ ഇടങ്ങളായ മാറിയ ദോഹ മെട്രോ മുതൽ സൂഖ് വാഖിഫ്, ദോഹ കോർണിഷ്, ലുസൈൽ ബൊളെവാഡ് ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലും ഷോപ്പിങ് മാളിലും ഹൈപ്പർ മാർക്കറ്റിലുമെല്ലാം തിരക്ക് വർധിച്ചുകഴിഞ്ഞു. റമദാൻ ആയതിനാൽ രാത്രികാലങ്ങളിൽ എല്ലായിടത്തും ഇപ്പോൾ തിരക്കാണ്. സന്ദർശകരായെത്തിയവർ ബന്ധുക്കൾക്കും മറ്റുമൊപ്പം ഖത്തറിന്റെ സൗന്ദര്യവും ലോകകപ്പിനു പിന്നാലെ ബാക്കിയായ കാഴ്ചകളും പരമാവധി ആസ്വദിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ.
വിമാനക്കൊള്ളയിൽ വലഞ്ഞ്
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി സലീം ഏറെനാളായി ആഗ്രഹിക്കുന്നതായിരുന്നു ഭാര്യയെയും മക്കളെയും ഖത്തറിലെത്തിക്കുകയെന്നത്. പലകാരണങ്ങളാൽ വൈകിയ ആഗ്രഹം ഹയ്യായിലൂടെ സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണിദ്ദേഹം.
എന്നാൽ, കുടുംബത്തെ കൊണ്ടുവരാനുള്ള ആഗ്രഹത്തിന് നൽകിയ ടിക്കറ്റ് വില താങ്ങാനാവുന്നതിൽ കൂടുതലായിരുന്നുവെന്ന സങ്കടം പങ്കുവെക്കുകയാണ് സലീം. ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെയുള്ള കുടുംബത്തെ കൊണ്ടുവരാൻ റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ വിമാനനിരക്ക് ഒന്നേകാൽ ലക്ഷമായി. ഖത്തറിലേക്കുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് ഇന്ത്യയിൽനിന്നുള്ള വിമാനക്കമ്പനികളുടെ കൊള്ളയാണ് ഈ സീസണിൽ യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ ദുരിതം. ലോകകപ്പിന് മാസങ്ങൾമുമ്പ് ഉയർന്ന നിരക്ക് ഇപ്പോഴും അതേനിലയിൽ തുടരുന്നതിന്റെ ദുരിതത്തിലാണ് സലീമിനെപ്പോലെയുള്ള പ്രവാസികൾ. വിഷു, ഈസ്റ്റർ, പെരുന്നാൾ ഉൾപ്പെടെ ആഘോഷ സമയത്ത് നാട്ടിലേക്കും തിരികെ ദോഹയിലേക്കും യാത്രചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെ ഇന്ത്യൻ ബജറ്റ് വിമാനങ്ങൾ ചുമത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

