ജനുവരിയിൽ സന്ദർശകർ കുതിച്ചുയർന്നു
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: 2023 ജനുവരിയിൽ ഖത്തറിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 64 ശതമാനം വർധന രേഖപ്പെടുത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യു.സി.സി.എ). ക്യു.സി.സി.എ പുറത്തുവിട്ട എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ജനുവരിയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി.
അതോറിറ്റി പുറത്തുവിട്ട ട്വീറ്റ് പ്രകാരം ഈ വർഷം ജനുവരിയിൽ 35,59,063 വിമാന യാത്രക്കാരാണ് ഖത്തറിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് (2164389) 64.4 ശതമാനം വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജനുവരിയിലെ 16,239 യാത്രാ വിമാനങ്ങളെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിൽ 19,377 വിമാനങ്ങൾ ഖത്തറിലെത്തിയതായും (19.3 ശതമാനം വർധന) അതോറിറ്റി ചൂണ്ടിക്കാട്ടി.
അതേസമയം, കാർഗോ, മെയിൽ എന്നിവയുടെ അളവിൽ 12.3 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. പോയ വർഷം ഇക്കാലയളവിൽ 192,253 ടൺ ആയിരുന്നെങ്കിൽ ഈ വർഷം ഇത് 168682 ടൺ ആയി കുറഞ്ഞു. 2022 നവംബറിലും ഡിസംബറിലുമായി ഖത്തറിൽ ആകെ 68,57,758 യാത്രക്കാരെത്തിയതായും മുൻവർഷത്തെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 61 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയതായും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. 2021നെ അപേക്ഷിച്ച് 2022 നവംബർ, ഡിസംബർ മാസങ്ങളിൽ വിമാനനീക്കത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2021ൽ 32557 വിമാനങ്ങളായിരുന്നെങ്കിൽ 2022ൽ 43,600 (33.9 ശതമാനം വർധനവ്) വിമാനങ്ങളാണ് രേഖപ്പെടുത്തിയത്.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ഫിഫ ലോകകപ്പ് 14 ലക്ഷത്തിലധികം സന്ദർശകരെയാണ് ആകർഷിച്ചത്. ഇത് രാജ്യത്തെ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയിലെ ആവശ്യങ്ങൾ വർധിക്കാനിടയാക്കിയിട്ടുണ്ട്. 2022 ഡിസംബറിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് മാത്രം രണ്ടര ലക്ഷത്തോളം സന്ദർശകരാണ് ഖത്തറിലെത്തിയത്. 2021 ഡിസംബറിൽ ഇത് 44,612 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

