ഭിന്നശേഷിക്കാർക്കായി വിസിറ്റ് ഖത്തറിന്റെ ‘പർപ്ൾ സാറ്റർഡേ’
text_fieldsവിസിറ്റ് ഖത്തർ സംഘടിപ്പിച്ച പർപ്ൾ സാറ്റർഡേ പരിപാടിയിൽനിന്ന്
ദോഹ: രാജ്യത്തെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുക ലക്ഷ്യമിട്ടും അവരെ ചേർത്തുപിടിച്ചും ‘പർപ്ൾ സാറ്റർഡേ’ അവതരിപ്പിച്ച് വിസിറ്റ് ഖത്തർ. സാമൂഹിക വികസന കുടുംബ മന്ത്രാലയവുമായും വ്യവസായ വാണിജ്യ മന്ത്രാലയവുമായും സഹകരിച്ച് ഖത്തർ ടൂറിസം അതിന്റെ പ്രചാരണ വിഭാഗമായ വിസിറ്റ് ഖത്തർ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ആദ്യത്തെ ‘പർപ്ൾ സാറ്റർഡേ’ പരിപാടിക്ക് തുടക്കമിട്ടു.
സമൂഹത്തിലെ ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിപാടി എല്ലാ വർഷവും ജൂലൈ മാസത്തിലെ അവസാനത്തെ ശനിയാഴ്ചയാകും സംഘടിപ്പിക്കുക.സൗദി അറേബ്യയിലെ അതോറിറ്റി ഓഫ് പീപ്ൾ വിത്ത് ഡിസെബിലിറ്റീസ് 2021ൽ ആരംഭിച്ച ഈ പരിപാടി എല്ലാ വർഷവും ജൂലൈയിലെ അവസാന ശനിയാഴ്ചയാണ് സംഘടിപ്പിക്കുന്നത്. പരിപാടിയോടുള്ള ഐക്യദാർഢ്യത്തിന്റെയും ഒരുമയുടെയും പ്രതീകമായി ഇത് ജി.സി.സി മേഖലയാകെ വ്യാപിച്ചിരിക്കുകയാണ്. ഖത്തറിലെ പർപ്ൾ സാറ്റർഡേ വിജയമാക്കുന്നതിനായി വിസിറ്റ് ഖത്തർ ടോയ് ഫെസ്റ്റിവലിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
ഭിന്നശേഷിയുള്ളവർക്ക് ഫെസ്റ്റിവലിലേക്ക് പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. കൂടാതെ, പർപ്ൾ സാറ്റർഡേ പ്രചാരണത്തിന്റെ ഭാഗമായി ഖത്തർ ടൂറിസവുമായി സഹകരിച്ച് റീട്ടെയിൽ സ്റ്റോറുകളും ഹോട്ടലുകളും ഉൾപ്പെടെ 16 വ്യത്യസ്ത സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് കിഴിവുകളും മറ്റു സേവനങ്ങളും ലഭ്യമാക്കും. ജൂലൈ 26 മുതൽ ആഗസ്റ്റ് ഒന്നുവരെയാണ് ഈ അവസരം ലഭ്യമാകുക. പങ്കെടുക്കുന്ന സ്റ്റോറുകളിലും ഹോട്ടലുകളിലും ഉപയോഗിക്കേണ്ട ‘പർപ്ൾ സാറ്റർഡേ’ ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

