വേനൽക്കാല ടൂറിസത്തെ വരവേൽക്കാൻ വിസിറ്റ് ഖത്തർ
text_fieldsദോഹ: ജി.സി.സി രാജ്യങ്ങളിലെയും വിദേശങ്ങളിലെയും സഞ്ചാരികളെ വേനൽക്കാല ടൂറിസത്തിലേക്ക് സ്വാഗതംചെയ്ത് വിസിറ്റ് ഖത്തറിന്റെ ‘മൊമന്റ്സ് മെയ്ഡ് ഫോർ യു’ കാമ്പയിൻ. ജൂൺ പിറന്നതിനു പിന്നാലെ കടുത്ത ചൂടിലേക്ക് ഗൾഫ് മേഖലയെത്തിയപ്പോൾ വേനൽക്കാലത്തും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപിടി കേന്ദ്രങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നത്. കുടുംബങ്ങൾക്കും, സുഹൃദ് സംഘങ്ങൾക്കും ഒന്നിച്ച് ഉല്ലസിക്കാനുള്ള വേറിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ അധികൃതർ വാഗ്ദാനം ചെയ്യുന്നു.
ജിവാൻ ഐലൻഡിന്റെ ശീതീകരിച്ച ഓപൺ എയർ വേദി, ലോകോത്തര നിലവാരത്തിലെ ആഡംബര മാളുകളും ഷോപ്പിങ് കേന്ദ്രങ്ങളും, പൊള്ളുന്ന ചൂടിലും വെള്ളത്തിൽ കളിച്ചുല്ലസിക്കാൻ അവസരമൊരുക്കുന്ന മെർയാൽ വാട്ടർ പാർക്ക്, കുടുംബങ്ങൾക്കും മറ്റും ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന പൊതു-സ്വകാര്യ ബീച്ചുകൾ, ബനാന ഐലൻഡിലെ കിടിലൻ റിസോർട്ട്, വൈവിധ്യമാർന്ന രുചികൾ വാഗ്ദാനംചെയ്യുന്ന റസ്റ്റാറന്റുകളും ഹോട്ടലുകളും.. എന്നിങ്ങനെ ഒരുപിടി ആകർഷകമായ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തിക്കൊണ്ടാണ് വിസിറ്റ് ഖത്തറിന്റെ ‘മൊമന്റ്സ് മെയ്ഡ് ഫോർ യു’ കാമ്പയിൻ ആരംഭിക്കുന്നത്.
ചൂടിലും കുളിരോടെ ആസ്വദിക്കാൻ കഴിയുന്നതിനൊപ്പം, സുരക്ഷിതവും സ്വസ്ഥവുമായ അവധിക്കാല അനുഭവവും ഖത്തറിലെ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്നതായി വിസിറ്റ് ഖത്തർ വ്യക്തമാക്കി.
വേനൽക്കാലത്ത് മേഖലയിലെ സന്ദർശകരെ ആകർഷിക്കുന്ന ഖത്തർ ടോയ് ഫെസ്റ്റിവൽ, അതിനു പിന്നാലെ വിവിധ കായിക മേളകൾ, സംഗീത പരിപാടികൾ എന്നിവയുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഓരോ സന്ദർശകരും വിനോദവും വിശ്രമവും അനുഭവവും സമ്മാനിക്കുന്നതാണ് ഖത്തറിന്റെ ടൂറിസമെന്ന് വിസിറ്റ് ഖത്തർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഡംബര ഷോപ്പിങ്ങും സ്പാ ചികിത്സകളും മുതൽ ആവേശകരമായ ജല കായിക വിനോദങ്ങൾ, പ്രധാന കായിക പരിപാടികൾ, സജീവമായ ഔട്ട്ഡോർ വേദികൾ എന്നിവ ഉറപ്പാക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

