ഇന്ത്യൻ അംബാസഡറായി വിപുൽ ഉടൻ ചുമതലയേൽക്കും
text_fieldsവിപുൽ
ദോഹ: മുൻ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ നാട്ടിലേക്ക് മടങ്ങി മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഖത്തറിലെ പുതിയ അംബാസഡറെ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം. ഗൾഫ് ഡിവിഷൻ ജോയന്റ് സെക്രട്ടറിച്ചുമതല വഹിച്ചിരുന്നു വിപുൽ പുതിയ അംബാസഡറായി ഉടൻ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയ ഡോ. ദീപക് മിത്തൽ കഴിഞ്ഞ മാർച്ച് അവസാനം നാട്ടിലേക്ക് മടങ്ങുകയും പ്രധാനമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ ചുമതലയേൽക്കുകയും ചെയ്തിട്ടും ഖത്തറിലേക്ക് ഇന്ത്യക്ക് പുതിയ അംബാസഡർ ഇല്ലായിരുന്നു. മുൻ യു.എ.ഇ അംബാസഡറും ഗൾഫ് മേഖലയിൽ സുപരിചിതനുമായ വിപുൽ ഖത്തറിലെ പുതിയ അംബാസഡറായി സ്ഥാനമേൽക്കുമെന്ന് ഇന്ത്യൻ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഞായറാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കോൺസുലാർ പദവിയിലായിരുന്ന ആഞ്ജലീന പ്രേമലത അംബാസഡറുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ എംബസിയുടെ ചുമതലയുള്ള ഷെർഷെ ദ അഫയേഴ്സ് ആയി തുടരുകയായിരുന്നു.
ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം 50 വർഷം തികയുന്ന വേളയിലാണ് വിപുൽ ദോഹയിൽ അംബാസഡർ പദവിയിലെത്തുന്നത്. നിലവിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന് ജോയന്റ് സെക്രട്ടറിയായ ഇദ്ദേഹം, 2017 മേയ് മുതല്‍ 2020 ജൂലൈ വരെ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വവുമായി സൗദിയിലും വിപുലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
1998ലെ ഇന്ത്യന്‍ ഫോറിന് സർവിസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലാണ് ബിരുദം നേടിയത്. ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും കരസ്ഥമാക്കി. കീര്‍ത്തിയാണ് പത്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

