സോമാലിയയുടെ പരമാധികാര ലംഘനം; ഇസ്രായേലിന്റെ നടപടിക്കെതിരെ അറബ് രാജ്യങ്ങളുടെ പ്രതിഷേധം
text_fieldsദോഹ: സോമാലിയയുടെ പരമാധികാരത്തെ ലംഘിച്ച് സൊമാലിലാൻഡിലേക്ക് ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ച നടപടിയെ ശക്തമായി അപലപിച്ച് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത്. സൊമാലിയയുടെ ഐക്യത്തിനും പരമാധികാരത്തിനുമെതിരെയുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഖത്തർ, സൗദി അറേബ്യ, പാകിസ്താൻ, കുവൈത്ത്, ഈജിപ്ത്, തുർക്കിയ, ഇന്തോനേഷ്യ, ജോർഡൻ, ഒമാൻ, സൊമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൽജീരിയ, ഫലസ്തീൻ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനത്തെ അപലപിച്ചത്. സൊമാലിലാൻഡിലേക്ക് ഇസ്രായേൽ പ്രതിനിധിയെ നിയമിച്ചത് സൊമാലിയയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും നേരിട്ട് ബാധിക്കുന്നതാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും, സൊമാലിയയുടെ ഔദ്യോഗിക ഭരണകൂടത്തിന് പൂർണ പിന്തുണ നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു. യു.എൻ ചാർട്ടർ, ആഫ്രിക്കൻ യൂണിയന്റെ ഭരണഘടന, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയുടെ ലംഘനമാണിത്. ഈ നടപടി ഹോൺ ഓഫ് ആഫ്രിക്ക മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന അപകടകരമായ കീഴ്വഴക്കമാണെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി. മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കുന്നതിനും ഇസ്രായേൽ തയാറാകണമെന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

