നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സ്ഥാപനങ്ങളിൽ നടന്ന പരിശോധന
ദോഹ: പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസ്ഥാപനങ്ങളിലും റെസ്റ്റോറന്റുകളിലുമായി മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 11 ഭക്ഷ്യ സ്ഥാപനങ്ങൾ അടുച്ചുപൂട്ടി.
ഭക്ഷ്യസുരക്ഷാ മേഖലയിലെ ആരോഗ്യ- അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു മാസക്കാലമായി രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളിൽ മന്ത്രാലയം പരിശോധന ഊർജിതമാക്കിയിരുന്നു.
അൽ ഷഹാനിയ മുനിസിപ്പാലിറ്റിയിൽ അഞ്ച് ഭക്ഷ്യസ്ഥാപനങ്ങളാണ് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയത്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്ഥാപനങ്ങൾക്ക് പൂട്ട് വീണു. അൽ ഷമാൽ, വക്‌റ, അൽഖോർ-ദഖീറ, അൽ ദആയിൻ എന്നീ മുനിസിപ്പാലിറ്റികളിലായി ഓരോ സ്ഥാപനങ്ങളും മന്ത്രാലയം അടച്ചുപൂട്ടി.
ഭക്ഷ്യസുരക്ഷാ മേഖലയിലെ ആരോഗ്യ ആവശ്യകതകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയതിനാലും മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പർ നിയമം ലംഘിച്ചത് മൂലവുമാണ് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം സൂക്ഷിക്കുകയോ തയ്യാറാക്കുകയോ ചെയ്യുക, സാങ്കേതിക കാരണങ്ങളാൽ ഭക്ഷണത്തിന്റെ നിറം, രുചി, രൂപം, മണം എന്നിവയിൽ മാറ്റങ്ങൾ സംഭവിക്കുക, ഭക്ഷ്യ വിഭവത്തിന്റെ കാലാവധി കഴിയുക, ഭക്ഷണത്തിലും പാക്കറ്റുകളിലും പ്രാണികളും, മാലിന്യങ്ങളും കണ്ടെത്തുക എന്നിവയെല്ലാം നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.
നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

