മ്യൂണികിൽ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച
text_fieldsഅമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി
കൂടിക്കാഴ്ച നടത്തുന്ന ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി
ദോഹ: ജർമനിയിൽ നടക്കുന്ന 58ാമത് മ്യൂണിക് സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. രാജ്യാന്തരതലത്തിൽ ഏറെ പ്രശസ്തവും വിവിധ രാജ്യങ്ങളുടെ സുരക്ഷാ നയരൂപവത്കരണ നേതാക്കൾ പങ്കെടുക്കുന്നതുമായ മ്യൂണിക് സുരക്ഷാ ഉച്ചകോടിയുടെ 58ാമത് സമ്മേളനത്തിനാണ് വെള്ളിയാഴ്ച തുടക്കംകുറിച്ചത്. ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധാനംചെയ്യുന്നത്.
രാജ്യാന്തര സുരക്ഷാ വെല്ലുവിളികൾ, ഭാവി സുരക്ഷാനയം, ഏറ്റവും പുതിയ സുരക്ഷാപ്രശ്നങ്ങൾ എന്നിവയിലാണ് ഇത്തവണ സമ്മേളനം ചേരുന്നത്. ഉച്ചകോടിയുടെ ഭാഗമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ -അമേരിക്ക നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാർഷികം എന്നനിലയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി, നയതന്ത്രബന്ധങ്ങളിൽ ചർച്ച നടത്തി.
ലെബനീസ് പ്രധാനമന്ത്രി നജിബ് മികാതി, യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് മർഗാറിറ്റ്സ് സ്കിനാസ്, ജർമൻ പാർലമെന്റ് വിദേശകാര്യ വിഭാഗം സമിതി അംഗം ഡോ. നോർബർട്ട് റോട്ട്ഗൻ, കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി, ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അബ്ദുല്ലഹിയാൻ, ഇറാഖ് കുർദിസ്താൻ പ്രസിഡന്റ് നെഷിർവാൻ ഇദ്രിസ് ബർസാനി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിവിധ അന്താരാഷ്ട്ര വിഷയങ്ങളും മേഖലയിലെയും സംഭവവികാസങ്ങളുമെല്ലാം ചർച്ചയായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

