ഉപരാഷ്ട്രപതിയുടെ സന്ദർശനം: സൗഹൃദവും സഹകരണവും ഉറപ്പിച്ച്
text_fieldsഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമുമായി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ശൂറാ കൗൺസിലിന്റെ അധ്യക്ഷനുമായി നടന്ന ചർച്ചയിൽ പാർലമെന്ററികാര്യ മേഖലയിൽ ഇന്ത്യയും ഖത്തറും തമ്മിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നു. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷൻ എന്ന നിലയിലാണ് ഉപരാഷ്ട്രപതിയും ശൂറാ കൗൺസിൽ അധ്യക്ഷനും തമ്മിലെ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളിലെയും പാർലമെന്ററി സംവിധാനങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ വിശദീകരിക്കപ്പെട്ടു.
തുടർന്ന് ഉപരാഷ്ട്രപതി ഖത്തര്‍ നാഷനല്‍ മ്യൂസിയം സന്ദർശിച്ചു. ഖത്തറിന്റെ ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന വിശാലമായ മ്യൂസിയം മ്യൂസിയം ചെയർപേഴ്സൻ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആൽഥാനിക്കൊപ്പമാണ് സന്ദർശിച്ചത്. മ്യൂസിയത്തിലെ സവിശേഷ കാഴ്ചകള്‍ അവർ ഉപരാഷ്ട്രപതിക്ക് വിശദീകരിച്ചുനൽകി.
തിങ്കളാഴ്ച വൈകുന്നേരം ഷെറാട്ടൺ ഹോട്ടലിൽ ഇന്ത്യൻ പ്രവാസസമൂഹം നൽകിയ സ്വീകരണ ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുത്തു. എംബസിയുടെ നേതൃത്വത്തിലായിരുന്നു വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സ്വീകരണം. സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് ആൽഥാനി, പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ ഖുവാരി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച ഇന്ത്യ-ഖത്തർ ബിസിനസ് ഫോറത്തിലും പങ്കാളിയായി. ഉപരാഷ്ട്രപതിയെ അനുഗമിക്കുന്ന ഇന്ത്യൻ വ്യാപാര-വ്യവസായ സംഘടനകളായ ഫിക്കി, സി.ഐ.ഐ, അസോചാം പ്രതിനിധികൾ, ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉൾപ്പെടെയുള്ളവരാണ് ഫോറത്തിൽ പങ്കെടുത്തത്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫ് അലി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെയും ഖത്തറിലെയും പ്രധാന വ്യവസായ പ്രമുഖരും പങ്കെടുത്തു.
മൂന്നു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ഉപരാഷ്ട്രപതി ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിലേക്ക് മടങ്ങും. മേയ് 30ന് ആരംഭിച്ച ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഗബോൺ, സെനഗാൾ എന്നീ രാജ്യങ്ങളിലെ പര്യടനം നേരത്തേ പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

