ആഘോഷത്തോടെ ‘വെനസ്ഡേ ഫിയസ്റ്റ’ക്ക് തുടക്കം
text_fieldsഇന്ത്യൻ കൾച്ചറൽ സെന്റർ വെനസ്ഡേ ഫിയസ്റ്റ ഇന്ത്യൻ എംബസി ഷെർഷെ ഡി അഫയേഴ്സ് ആഞ്ജലീന പ്രേമലത, കമ്യൂണിറ്റി പൊലീസിങ് പ്രതിനിധി ലഫ്. അബ്ദുൽ അസീസ് അൽ മുഹന്നദി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരികാഘോഷമായി ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ‘വെനസ്ഡേ ഫിയസ്റ്റ’ക്ക് വർണാഭമായ തുടക്കം. എല്ലാ ബുധനാഴ്ചകളിലും ഇന്ത്യൻ സമൂഹത്തിന്റെ കലാ സാംസ്കാരിക പരിപാടികളുടെ വേദിയാവുന്ന ‘ഫിയസ്റ്റ’ ഐ.സി.സി അശോക ഹാളിൽ ഇന്ത്യൻ എംബസി ഷെർഡെ ഡി അഫയേഴ്സ് ആഞ്ജലീന പ്രേമലത ഉദ്ഘാടനംചെയ്തു.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ കമ്യൂണിറ്റി പൊലീസിങ് വിഭാഗം ബോധവത്കരണ സെക്ഷൻ പ്രതിനിധി ലഫ്. അബ്ദുൽ അസീസ് അൽ മുഹന്നദി മുഖ്യാതിഥിയായി പങ്കെടുത്തു. കമ്യൂണിറ്റി പൊലീസിങ് കോഓഡിനേറ്റർ ഡോ. കെ.എം ബഹാഉദ്ദീൻ, എംബസി ഫസ്റ്റ് സെക്രട്ടറിമാരായ സേവ്യർ ധനരാജ്, പത്മ കാറി, ഐ.സി.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ സതീഷ് പിള്ള എന്നിവർ പങ്കെടുത്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഐ.സി.സി അശോക ഹാളിലെ സദസ്സ്
ഇന്ത്യ-ഖത്തർ നയതന്ത്ര ബന്ധത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന കലാവിരുന്നിന് തുടക്കംകുറിച്ചത്. ഐ.സി.സി അംഗീകൃത സംഘടനകൾ, വിവിധ കലാപരിശീലന സ്ഥാപനങ്ങൾ, ഇന്ത്യൻ സ്കൂളുകൾ എന്നിവയുമായി സഹകരിച്ചാണ് വരും ആഴ്ചകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.
ആദ്യ ദിനത്തിൽ ഇന്ത്യൻ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന പരിപാടികളുമായി അരങ്ങിലെത്തി. ഐ.സി.സി ഭാരവാഹികൾ, വിവിധ അപെക്സ് ബോഡി ഭാരവാഹികൾ, കമ്യൂണിറ്റി നേതാക്കൾ, കലാസ്നേഹികൾ തുടങ്ങിയവർ പരിപാടികൾക്ക് സാക്ഷിയാവാനെത്തി.
ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതം പറഞ്ഞു. സുമ മഹേഷ് ഗൗഡ നേതൃത്വം നൽകി. സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദി പറഞ്ഞു.എല്ലാ ബുധനാഴ്ചകളിലും രാത്രി ഏഴു മണിയോടെയാണ് ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്ക് ഐ.സി.സി അശോക ഹാൾ വേദിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

