ദോഹ: ഫാന്‍സി നമ്പറുകള്‍ക്ക് വേണ്ടിയുള്ള ഏഴാമത് ഓണ്‍ലൈന്‍ ലേലം ട്രാഫിക് ജനറല്‍ ഡയറ ക്ടറേറ്റ് പ്രഖ്യാപിച്ചു. മെട്രാഷ് 2 മുഖേനയാണ് ലേലം. ഇന്ന് മുതല്‍ വ്യാഴാഴ്ച രാത്രി പത്ത് വ രെയാണ് പൊതുജനങ്ങള്‍ക്കായുള്ള ലേലം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ലേലത്തില്‍ 97.60 ലക്ഷം റിയാലാണ് ട്രാഫിക് വകുപ്പ് സമാഹരിച്ചത്. അന്ന് 344444 എന്ന നമ്പരിന് 12.5ലക്ഷം റിയാലാണ് ലഭിച്ചത്. 25 ഫാന്‍സി കാര്‍ പ്ലേറ്റുകളാണ് ഇത്തവണ ലേലത്തിലുള്ളത്. ഒരു ലക്ഷം ഖത്തര്‍ റിയാലാണ് പ്രാരംഭതുക. പങ്കെടുക്കുന്നവര്‍ സെക്യൂരിറ്റി തുകയായി ഇരുപതിനായിരം ഖത്തര്‍ റിയാല്‍ നിക്ഷേപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
ലേലത്തില്‍ വിജയിക്കുന്നവര്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തുക അടക്കണം. തുക അടക്കാത്തവരുടെ സെക്യൂരിറ്റി തുകയായ ഇരുപതിനായിരം ഖത്തര്‍ റിയാലും വിളിച്ച നമ്പരും നഷ്ടപ്പെടും. കൂടുതല്‍ ലേലം വിളിച്ച രണ്ടാമത്തെയാള്‍ക്ക് ഫാന്‍സി നമ്പര്‍ വില്‍ക്കാനും അര്‍ഹതയുണ്ട്. ആഭ്യന്തരമന്ത്രാലയത്തിലെ ധനകാര്യ വകുപ്പിെൻറ പേരിലുള്ള ചെക്ക് മുഖേനയോ ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ ലേലത്തുക അടക്കാം.