ശറമുശൈഖിൽ വാഹനാപകടം; അമീരി ദിവാൻ ഉദ്യോഗസ്ഥരുടെ മൃതദേഹം സംസ്കരിച്ചു
text_fieldsവാഹനാപകടത്തിൽ മരിച്ച അമീരി ദിവാൻ ഉദ്യോഗസ്ഥരുടെ മൃതദേഹം സംസ്കരിക്കാനായി
കൊണ്ടുപോകുന്നു
ദോഹ: ഈജിപ്തിലെ ശറമുശൈഖിൽ വാഹനാപകടത്തിൽ മരിച്ച അമീരി ദിവാൻ ഉദ്യോഗസ്ഥരുടെ മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഇമാം മുഹമ്മദ് ഇബ്ൻ അബ്ദ് അൽ വഹാബ് മസ്ജിദിൽ നടന്നു. മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ചും പ്രാർഥനയുമായും നിരവധി മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പൗരന്മാരും താമസക്കാരും അടക്കം വൻ ജനാവലിയെത്തിയിരുന്നു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഭരണകാര്യ ഓഫിസിൽ പ്രവർത്തിച്ചിരുന്ന സൗദ് ബിൻ താമർ ആൽഥാനി, അബ്ദുല്ല ഗാനിം അൽ ഖയാരിൻ, ഹസൻ ജാബർ അൽ ജാബർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചവർ, രാജ്യസേവനത്തിൽ അവരുടെ അർപ്പണബോധവും വിലപ്പെട്ട സേവനവും എടുത്തുപറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേർന്നു.
ശറമുശൈഖിൽ വാഹനാപകടത്തിൽ അമീരി ദീവാനിലെ മൂന്ന് ഉദ്യോഗസ്ഥർ മരണപ്പെട്ടതിൽ അനുശോചനമറിയിച്ച് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്ൻ അൽ ഹുസൈൻ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായള്ള ഫോൺ സംഭാഷണത്തിനിടെയാണ് ജോർഡൻ രാജാവ് അനുശോചനമറിയിച്ചത്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് വിശദമാക്കുകയും ചെയ്തു. ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താൻ ഖത്തർ അമീർ നടത്തിയ ശ്രമങ്ങളെ ജോർഡൻ രാജാവ് അഭിനന്ദിച്ചു.
നേരത്തേ, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സംഭവത്തിൽ അനുശോചനമറിയിച്ചിരുന്നു. തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെ മരണപ്പെട്ട അമീരി ദിവാനിലെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.
ദൈവം അവർക്ക് കാരുണ്യം ചൊരിയട്ടെയെന്നും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും എക്സ് പോസ്റ്റിൽ അദ്ദേഹം വിശദമാക്കി. സംഭവത്തിൽ ഈജിപ്ഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളും അനുശോചനമറിയിച്ചു. അനുശോചനവും ദുഃഖവും അറിയിച്ച അറബ് പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിൻ അഹമ്മദ് അൽ യമ്മാഹി ദൈവം അവരോട് കരുണ കാണിക്കട്ടെയെന്നും കുടുംബാംഗങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകാനും ദൈവത്തോട് പ്രാർഥിക്കുന്നതായും പറഞ്ഞു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിശദമാക്കി. സംഭവത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) അനുശോചനമറിയിച്ചു. അപകടത്തിൽ പരിക്കേറ്റ അബ്ദുല്ല ഈസ അൽ കുവാരി, മുഹമ്മദ് അബ്ദുൽ അസീസ് അൽ ബുഅനൈൻ എന്നിവരെ ചികിത്സക്കായി ശറമുശൈഖിലെ ഇന്റർനാഷനൽ ഹോസ്പിറ്റലിൽ അടിയന്തരമായി പ്രവേശിപ്പിച്ചു. തുടർചികിത്സക്കായി ഇവരെ ഞായറാഴ്ച ദോഹയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

