വിലക്കുറവ്, കീടനാശിനി മുക്തം; സ്വദേശി പച്ചക്കറികൾക്ക് പ്രിയം കൂടുന്നു
text_fieldsദോഹ: ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് സ്വദേശികളിലും വിദേശികളിലും പ്രിയം കൂടുന്നു. സെൻട്രൽ മാർക്കറ്റ് അടക്കമുള്ള പൊതു–ചില്ലറ വിപണന കേന്ദ്രങ്ങളിൽ പച്ചക്കറികളുടെ വില മൊത്തത്തിൽ കുറയാൻ ഇത് സഹായമായതായി വ്യാപാരികളും പറയുന്നു. വിലക്കുറവിനോടൊപ്പം തന്നെ കീടനാശിനി മുക്ത പച്ചക്കറികളാണെന്ന പ്രത്യേകതയും ഉണ്ട്. ഇതിനാൽ പൊതുവെ ഉപഭോക്താക്കൾ കൂടുതലാണെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു.
കക്കിരി, കൂസ, വഴുതന, നാരങ്ങ, മത്തങ്ങ, തണ്ണിമത്തൻ തുടങ്ങിയ പഴം–പച്ചക്കറികൾ ആഭ്യന്തരമായി രാജ്യത്ത് വ്യാപകമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം പൊതിന, മല്ലിച്ചപ്പ്, കസ്സ്, ചീര തുടങ്ങിയ ഇല വർഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്നു.
കക്കിരിക്ക് ആറ് കിലോക്ക് 15 റിയാൽ, അഞ്ച് കിലോ തക്കാളി പെട്ടിക്ക് 15 റിയാൽ, കൂസ് പെട്ടിക്ക് 20 റിയാൽ എന്നിങ്ങനെയാണ് നിലവിലെ വിപണി വില. കർഷകർ മുൻ വർഷങ്ങേളക്കാൾ വിപുലമായ തോതിലാണ് ഇത്തവണ കൃഷിയിറക്കിയത്. ഉപരോധത്തെ മറികടക്കാൻ കാർഷിക വകുപ്പ് വൻ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കർഷകർക്ക് ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന നിരവധി പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ പച്ചക്കറി പഴ വർഗ്ഗങ്ങളുടെ ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഉപരോധ രാജ്യങ്ങളെ മാത്രം അവലംബിച്ചിരുന്ന അവസ്ഥയിൽ നിന്ന് സ്വയം പര്യാപ്തതയിലേക്ക് ഒരു പരിധി വരെ മാറാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
