വി.ഡി. സതീശൻ നയിക്കും; പ്രവാസി മലയാളികളും സന്തോഷത്തിൽ
text_fieldsനിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഇൻകാസ് ഖത്തർ യൂത്ത് വിങ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽനിന്ന്
ദോഹ: തെരഞ്ഞെടുപ്പ് റിസൾട്ട് പുറത്തുവന്നതിന് പിന്നാലെ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് വി.ഡി. സതീശനെ കേരളാ മുഖ്യമന്ത്രിയായി നിയോഗിച്ചുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ പ്രതീക്ഷയോടെ വരവേറ്റ് ഖത്തറിലെ മലയാളി പ്രവാസി സമൂഹം. പ്രിയ നേതാവ് കേരളത്തിന്റെ അമരക്കാരനാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ഇൻകാസ് പ്രവർത്തകരും യു.ഡി.എഫ് അനുഭാവികളും. വ്യാഴാഴ്ച വൈകീട്ട് ഇൻകാസ് ഖത്തറിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മധുരം വിതരണം ചെയ്യുകയും കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ക്രിയാത്മകമായ പരിഹാരങ്ങൾ ഉണ്ടാകുമെന്ന് പലരും പങ്കുവെച്ചു. കഴിഞ്ഞ ജനുവരിയിൽ വി.ഡി. സതീശൻ ദോഹ സന്ദർശിച്ചപ്പോൾ പ്രവാസികൾ നൽകിയ ആവേശകരമായ സ്വീകരണം ശ്രദ്ധേയമായിരുന്നു. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ഇൻകാസ് കുടുംബ സംഗമത്തിൽ വി.ഡി. സതീശന് ജനകീയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ഐ.സി.ബി.എഫ് ഓഫിസ് സന്ദർശിക്കുകയും മാനേജിങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. കേരള ബിസിനസ് ഫോറം സംഘടിപ്പിച്ച 'മീറ്റ് ദ ലീഡർ' പരിപാടിയിലും അദ്ദേഹം പങ്കെടുത്ത് പ്രവാസി വ്യവസായികളുമായി സംവദിച്ചു. വിവിധ പ്രവാസി കൂട്ടായ്മകളുമായും സാംസ്കാരിക പ്രവർത്തകരുമായും ആശയവിനിമയം നടത്തിയ അദ്ദേഹം പ്രവാസി മലയാളികളുടെ സ്വീകാര്യതയും പിന്തുണയും നേടിയെടുത്താണ് മടങ്ങിയത്.
നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിനു പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനായി നാട്ടിലേക്ക് പോകുമെന്ന് നിരവധി പേർ പറഞ്ഞു. പ്രിയപ്പെട്ട നേതാവ് അധികാരമേൽക്കുന്നത് കാണാൻ നാട്ടിലെത്തുക എന്നത് വലിയൊരു സ്വപ്നമാണെന്ന് പലരും പങ്കുവെച്ചു.
നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് യൂത്ത് വിങ് ഇൻകാസ് ഖത്തർ വിജയഭേരി ആഘോഷപരിപാടികൾ നടത്തി. ഭാരത് ടേസ്റ്റ് റെസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ പ്രവർത്തകർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ജംനാസ് യൂസഫ്, പ്രശോഭ് നമ്പ്യാർ, ആനീസ് മലപ്പുറം, നൗഫൽ കട്ടുപ്പാറ, റാഫി കൊല്ലം, മഷിക്ക് മുസ്തഫ, സീതിൻ കണ്ണൂർ, മുഹമ്മദ് എടയന്നൂർ എന്നിവർ നേതൃതം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

