സ്വാതന്ത്ര്യദിനാഘോഷിച്ച് വിവിധ സംഘടനകൾ, കൂട്ടായ്മകൾ, സ്കൂളുകൾ
text_fieldsബിർള പബ്ലിക് സ്കൂളിൽ ഡയറക്ടർ സി.വി. റപ്പായി
ദേശീയ പതാക ഉയർത്തുന്നു
ബിർള പബ്ലിക് സ്കൂളിൽ ദേശീയ പതാക ഉയർത്തി
ദോഹ: ബിർള പബ്ലിക് സ്കൂൾ ക്യാമ്പസിൽ ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഡയറക്ടർ സി.വി. റപ്പായി ദേശീയ പതാക ഉയർത്തി. മാനേജ്മെന്റ് പ്രതിനിധികളായ ചിന്തു റപ്പായി, നെവിൽ ലൂക്കോസ്, സിദ്ധാർത്ഥ് ഷഹാനി എന്നിവർ സംബന്ധിച്ചു. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. പ്രധാനാധ്യാപിക ലിസി മാത്യു സ്വാഗതം പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ രാധിക റെലെ, ലൈഫ് മെംബർ കെ.എം. വർഗീസ്, അധ്യാപക -അധ്യാപകേതര ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിനെ അഭിസംബോധന ചെയ്ത ഡയറക്ടർ സി.വി. റപ്പായി, പ്രവാസി ഇന്ത്യൻ സമൂഹത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യസമര സേനാനികൾ നടത്തിയ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും അനുസ്മരിച്ച അദ്ദേഹം, കഴിഞ്ഞ എട്ട് പതിറ്റാണ്ടനിടെ രാജ്യം കൈവരിച്ച പുരോഗതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ലോകത്ത് എവിടെയായിരുന്നാലും ഇന്ത്യയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കാനും രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രവാസി വെൽഫെയര്‍ സ്വാതന്ത്ര്യദിന സദസ്സ്
ദോഹ: പ്രവാസി വെൽഫെയർ പാലക്കാട് ജില്ലാ കമ്മിറ്റിയും ഇൻഡസ്ട്രിയൽ ഏരിയ ഘടകവും സംയുക്തമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. പൗരാവകാശവും മാറുന്ന പൗരബോധവും എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ യുവാക്കൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പൗരബോധവും അവകാശങ്ങളെ പറ്റി ബോധവാന്മാരും ആയിരിക്കണമെന്ന് അദ്ദേഹം ഉണർത്തി.
പ്രവാസി വെൽഫെയര്‍ സ്വാതന്ത്ര്യ ദിന സദസ്സ് സംസ്ഥാന
പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ആബിദ് ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് നടക്കുന്ന പൗരാവകാശ സമരങ്ങൾ നീതി നിഷേധിക്കപ്പെടുന്ന പുതിയതലമുറ ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ ആർജ്ജവം കാണിച്ചു തുടങ്ങിയതിന്റെ തെളിവാണെന്നും, ഭരണകൂടം നീതി നിർവഹണത്തിൽ വരുത്തുന്ന വീഴ്ചകൾ വലിയ അരാജകത്വത്തിലേക്ക് നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ഇൻഡസ്ട്രിയൽ ഏരിയ പ്രസിഡന്റ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. മൻസൂർ, ഫൈസൽ, മുഹമ്മദ് അലി, രാധാകൃഷ്ണൻ, ഷഫീഖ് അബ്ദുൽ റഹ്മാൻ, ശരീഫ് ബാഷ, അക്ബർ മളങ്ക് എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് മുഹ്സിൻ സമാപനം നിര്‍വ്വഹിച്ചു.
വീരദേശാഭിമാനികൾക്ക് ആദരമർപ്പിച്ച് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാജ്യസ്നേഹവും അഭിമാനവും ആവേശവും നിറഞ്ഞുനിന്ന ചടങ്ങിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനുമായി ജീവത്യാഗം ചെയ്ത വീരദേശാഭിമാനികൾക്ക് ആദരമർപ്പിച്ചു. സ്കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹീം എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, എ.പി.ടി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നു
തുടർന്ന് പ്രിൻസിപ്പൽ റഫീഖ് റഹീം, പ്രസിഡന്റ് റഷീദ് അഹമ്മദ് എന്നിവർ സംസാരിച്ചു. ശക്തവും ജനാധിപത്യപരവും മതേതരവുമായ ഭാരതം പടുത്തുയർത്തുന്നതിൽ പൂർവ്വികർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ അവർ പങ്കുവെച്ചു. രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കാനും സാംസ്കാരിക, സാമൂഹിക, സാമ്പത്തിക പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിക്കാനും യുവതലമുറ ബാധ്യസ്ഥരാണെന്ന് അവർ ഓർമ്മിപ്പിച്ചു.
വിദ്യാർഥികൾക്കായി ഐ.സി.എഫ് ഹിന്ദുസ്ഥാൻ ഹമാര സംഘടിപ്പിച്ചു
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഐ.സി.എഫ് 'ഹിന്ദുസ്ഥാൻ ഹമാര' ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹവും പരസ്പര സൗഹാർദ്ദവും മതേതര ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, ഭരണഘടന എന്നിവയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, ചരിത്ര പസിൽ, ക്രാഫ്റ്റ് നിർമാണം എന്നിവയും നടന്നു. വിവിധ സെഷനുകൾക്ക് റസാഖ് മാസ്റ്റർ, സദ്ദാം ഹുസൈൻ, സുറൂർ ഉമ്മർ, ഷഫീക് കണ്ണപുരം, അഫ്സൽ ഇല്ലത്ത് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ ജമാലുദ്ധീൻ അസ്ഹരി, അഹമ്മദ് സഖാഫി , എന്നിവർ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ദോഹ: സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച് ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനം അബു ഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ ഗവേണിങ് ബോർഡ് ജനറൽ സെക്രട്ടറി ഡോ. കെ.പി. നജീബ് ദേശീയ പതാക ഉയർത്തി. ഗവേണിങ് ബോർഡ് അംഗങ്ങളായ ഹസ്മൽ ഇസ്മായിൽ, എം.എ. നജീബ്, ഷഹീദ് ആലുങ്ങത്ത്, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

