വന്ദേഭാരത് മിഷൻ: ഖത്തറിൽ നിന്ന് ഇനി വിമാനടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യാം
text_fieldsദോഹ: കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്കുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങളിലെ യാത്രക്ക് ഇനിമുതൽ ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിളിക്ക് കാത്തുനിൽക്കേണ്ട. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത ആർക്കും ഇനിമുതൽ അതത് വിമാനകമ്പനികളിൽ നിന്ന് നേരിട്ട് ഓൺലൈൻ വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ ഇന്ത്യൻ എംബസി വഴിയാണ് ടിക്കറ്റ് നൽകിയിരുന്നത്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അടുത്ത ഘട്ടത്തിൽ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് 193 വിമാന സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉള്ളത്. ഇവ നടത്തുന്നത് ഇൻഡിഗോ ആണ്. കേരളത്തിലേക്ക് 151 വിമാനങ്ങളുമുണ്ട്. ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്നെ ആരംഭിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. വന്ദേ ഭാരത് മിഷെൻറ നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്നും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായാണ് കേരളമടക്കം ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസ് ഇൻഡിഗോ നടത്തുന്നത്.
ജൂലൈ 3 മുതൽ ആഗസ്റ്റ് 15 വരെയാണിത്. ഖത്തറിൽ നിന്നുള്ള മുഴുവൻ സർവീസുകളും ബജറ്റ് എയർലൈൻസായ ഇൻഡിഗോയാണ് നടത്തുകയെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് ഉത്തർ പ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും ഏഴ് വീതം വിമാനങ്ങളാണുണ്ടായിരിക്കുക. തെലങ്കാനയിലേക്കും കർണാടകയിലേക്കും എട്ട് വിമാനങ്ങളും തമിഴ്നാട്ടിലേക്ക് 12 വിമാനങ്ങളും ഖത്തറിൽ നിന്നും പറക്കും. കേരളത്തിലേക്ക് 151 വിമാനങ്ങളുണ്ട്.
ലഖ്നോ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗലുരു, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നീ നഗരങ്ങളിലേക്കായിരിക്കും സർവീസുകൾ. തിരുവനന്തപുരത്തേക്ക് 34 വിമാനങ്ങളും കോഴിക്കോട്ടേക്ക് 35 വിമാനങ്ങളും കണ്ണൂരിലേക്ക് 35ഉം കൊച്ചിയിലേക്ക് 47ഉം വിമാനങ്ങളുമാണ് ഈ ഘട്ടത്തിലുണ്ടാകുക.വന്ദേ ഭാരത് മിഷെൻറ നാലം ഘട്ടത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ത്യയിലേക്ക് 566 വിമാനങ്ങളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.