കോവിഡ് പ്രതിരോധത്തിൽ രാജ്യത്ത് വാക്സിനുകൾ ഫലപ്രദം
text_fieldsഡോ. മുന അൽ മസ്ലമാനി
ദോഹ: കോവിഡ്-19 പ്രതിരോധ വാക്സിനുകൾ വൈറസിനെതിരെ സംരക്ഷണം നൽകുന്നുണ്ടെന്നും വൈറസ് ബാധയെ തുടർന്ന് കടുത്ത രോഗാവസ്ഥയിലേക്ക് എത്തുന്ന സാഹചര്യത്തെ തടയുന്നതായും ഹമദ് മെഡിക്കൽ കോർപറേഷനിലെ കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി.
വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ വാക്സിനുകൾ ഉയർന്ന സംരക്ഷണം നൽകുന്നുണ്ട്. ഖത്തറിൽ ഇതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
ഫൈസർ ബയോൻടെക്, മൊഡേണ വാക്സിനുകൾ രോഗപ്രതിരോധത്തിൽ 95 ശതമാനം ഫലപ്രദമാണെന്ന് വ്യാപകമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വാക്സിൻ സ്വീകരിച്ചവർ പൂർണമായും രോഗത്തെ പ്രതിരോധിക്കുമെന്നോ അവർക്ക് അണുബാധയുണ്ടാകുകയില്ലെന്നോ ഇതിനർഥമില്ല. അതേസമയം, വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് രോഗം ബാധിച്ചാലും ശക്തമായ രോഗലക്ഷണങ്ങളോ അസുഖമോ ഉണ്ടാകാൻ സാധ്യത വളരെ വിരളമാണ്.
വളരെ കുറച്ച് പേർക്കെങ്കിലും വാക്സിൻ സ്വീകരിച്ചാലും കോവിഡ്-19 വരാം. എന്നാലും രോഗം മൂർച്ഛിക്കുന്നതിനെ വാക്സിനുകൾ തടയുന്നു. ഇത് സംബന്ധിച്ച് രാജ്യത്ത് ആശാവഹമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരിൽ ഒരാളും കോവിഡ്-19 ബാധിച്ച് മരണമടഞ്ഞതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ വർഷം ജനുവരി ഒന്നുമുതൽ 12,249 പേരാണ് കോവിഡ്-19 ബാധിച്ച് ആശുപത്രിയിലെത്തിയത്. ഇതിൽ വാക്സിനെടുത്തവർ കേവലം 197 പേർ മാത്രമായിരുന്നു. പൂർണമായും വാക്സിനെടുത്തവരിൽ 1.6 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വാക്സിനെടുക്കാത്ത എല്ലാ പ്രായക്കാർക്കും വാക്സിനെടുത്തവരേക്കാൾ 61 ഇരട്ടി കോവിഡ്-19 ബാധിക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.
ഈ വർഷം ഇതുവരെയായി 1766 പേരെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചപ്പോൾ പൂർണമായും വാക്സിനെടുത്തവർ അവരിൽ ഒരു ശതമാനം മാത്രമായിരുന്നു. വാക്സിനെടുത്തവരേക്കാൾ വാക്സിനെടുക്കാത്തവർക്ക് രോഗം ബാധിച്ചാൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടാൻ സാധ്യത 91 മടങ്ങാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

