സ്കൂൾ വിദ്യാർഥികൾക്ക് വാക്സിനേഷൻ കാമ്പയിന് തുടക്കം
text_fieldsദോഹ: രാജ്യത്തെ സ്കൂൾ വിദ്യാർഥികൾക്ക് വാക്സിനേഷൻ ക്യാമ്പയിന് തുടക്കം കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് (ടിഡാപ്) എന്നിവയ്ക്കെതിരെയുള്ള വാർഷിക വാക്സിനേഷൻ ക്യാമ്പയിനാണ് ആരംഭിച്ചത്. പൊതു -സ്വകാര്യ മേഖലകളിലെ 278 സ്കൂളുകളിലായി 51,772 വിദ്യാർഥികൾക്ക് വാക്സിൻ നൽകും. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതുസംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സ്കൂളുകളിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് രക്ഷിതാക്കളുടെ സമ്മതം നേടുന്നതിനുള്ള അറിയിപ്പുകൾ നൽകിയിട്ടുണ്ട്. വാക്സിനേഷനായി രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണ്. 2011ൽ ആരംഭിച്ചത് മുതൽ ഓരോ വർഷവും ഈ ക്യാമ്പയിനിലൂടെ വലിയ പുരോഗതിയാണ് കൈവരിച്ചതെന്നും കഴിഞ്ഞ 15 വർഷമായി ആരോഗ്യ പ്രവർത്തകരുടെ ഇടപെടലും സമൂഹത്തിന്റെ സഹകരണവും മൂലം ദേശീയ വാക്സിനേഷൻ പ്രോഗ്രാം വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡിപാർട്ട്മെന്റ് ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു.
നാഷനൽ ഹെൽത്ത് സ്ട്രാറ്റജി (2024-2030) പ്രകാരം ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ സംസ്കാരം വളർത്തുന്നതിനുമാണ് ക്യാമ്പയിൻ മുൻഗണന നൽകുന്നത്. തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും പ്രതിരോധ ആരോഗ്യ സംസ്കാരം വളർത്തുന്നതിനും വിദ്യാർഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടിയും കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതരമായ സാംക്രമിക രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിലും മാതാപിതാക്കളുടെ പ്രത്രേക ശ്രദ്ധയുണ്ടാകണം. കൗമാരപ്രായക്കാർക്ക് നൽകേണ്ട അത്യാവശ്യ ബൂസ്റ്റർ ഡോസാണ് കാമ്പയിൽ കാലയളവിൽ സ്കൂളുകൾ വഴി നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മാരകമായ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുന്ന ഈ പദ്ധതിയിൽ കുട്ടികളെ പങ്കാളികളാക്കാൻ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പട്ടു. ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ, നഴ്സിങ് പ്രൊഫഷനലുകൾക്കായി മന്ത്രാലയം ശിൽൽശാലയും സംഘടിപ്പിച്ചു.
വാക്സിൻ നൽകുന്ന രീതികൾ, ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ശിൽപശാലയിൽ വിദഗ്ധർ ക്ലാസുകൾ നൽകി. ഇത്തരം ലക്ഷണങ്ങൾ വീട്ടിൽ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

