അവധി കഴിഞ്ഞു; ഖത്തറിലെ സ്കൂളുകൾ പഠനത്തിരക്കിലേക്ക്
text_fieldsഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി അൽ ഷഹാനിയ ബോയ്സ് മോഡൽ സ്കൂൾ സന്ദർശിക്കുന്നു
ദോഹ: ഒരു മാസത്തിലേറെ നീണ്ട അവധിക്കാലം കഴിഞ്ഞ് ഖത്തറിലെ സ്കൂളുകൾ വീണ്ടും പഠനത്തിരക്കിലേക്ക്. സർക്കാർ സ്കൂളുകളിൽ അവധി കഴിഞ്ഞ ഞായറാഴ്ച ക്ലാസുകൾ തുടങ്ങി. എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഞായറാഴ്ച ക്ലാസുകൾ ആരംഭിച്ചു. ശേഷിച്ച, ഇന്ത്യൻ സ്കൂളുകളിൽ വരുംദിനങ്ങളിൽ ഘട്ടംഘട്ടമായി ക്ലാസുകൾ തുടങ്ങും. ബ്രിട്ടീഷ് കരിക്കുലം ഉൾപ്പെടെ വിവിധ വിദേശ വിദ്യാലയങ്ങളും ലോകകപ്പ് തിരക്കും അർധവാർഷിക അവധിയും കഴിഞ്ഞ് പഠനത്തിരക്കിലേക്ക് നീങ്ങി.
ലോകകപ്പ് ഫുട്ബാൾ തിരക്ക്കൂടി മുന്നിൽകണ്ട്, നവംബർ മൂന്നാം വാരത്തിലാണ് ഇന്ത്യൻ സ്കൂൾ, സർക്കാർ സ്കൂൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധി നൽകിയത്. ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഏതാണ്ട് 500 സ്കൂളുകളിലായി 3.50 ലക്ഷം വിദ്യാർഥികളാണുള്ളത്. ചില സ്കൂളുകളിൽ ക്രിസ്മസ് അവധികൂടി കഴിഞ്ഞ ജനുവരിയോടെയാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. അവധി കഴിഞ്ഞെത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ നേരത്തെതന്നെ ആവശ്യമായ സജ്ജീകരണം ഒരുക്കിയിരുന്നു.
ലോകകപ്പിന്റെ ഭാഗമായി നവംബറിൽ സ്കൂൾ സമയക്രമം മാറ്റിയിരുന്നു. എന്നാൽ, സർക്കാർ പ്രൈമറി സ്കൂളുകളിൽ ഡിസംബർ 25 മുതൽ രാവിലെ ഏഴ് മുതൽ 12.45 വരെയായി. വ്യാഴാഴ്ച 12.30 വരെയാണ് പ്രവൃത്തി സമയം. ഏഴ് മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്ക് രാവിലെ ഏഴ് മുതൽ ഉച്ചക്ക് 1.25 വരെയുമാണ് (വ്യാഴം ഉച്ച 12.30) പ്രവൃത്തി സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

