ഖത്തറിൽനിന്നൊരു സ്വപ്നം ബിഗ് സ്ക്രീൻ നിറയുമ്പോൾ
text_fieldsഉസ്മാൻ മാരാത്ത് ചിത്രത്തിന്റെ നിർമാതാവ് സകരിയക്കും ഷമൽ സുലൈമാനുമൊപ്പം
ദോഹ: ‘തിരക്കഥ: ഉസ്മാൻ മാരാത്ത്...’ ഖത്തറിലെ നാടക വേദികളിലും പൊതുപരിപാടികളിലും നിറഞ്ഞുനിന്ന കാലത്ത് ഉസ്മാൻ ഏറെ കണ്ടതായിരുന്നു ഈ സ്വപ്നം. വലിയ സ്ക്രീനിൽ തന്റെ പേരെഴുതി കാണിച്ച് ‘ജാക്സൺ ബസാർ യൂത്ത്’ തിയറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ നാട്ടിൽ അനുമോദനങ്ങളുടെയും സന്തോഷപ്രകടനങ്ങളുടെയും തിരക്കിലാണ് ഖത്തർ പ്രവാസിയായ ഉസ്മാൻ മാരാത്ത്. ദീർഘകാലം ഖത്തറിൽ ജോലി ചെയ്ത്, ഇടക്കാലത്ത് ചില നിയമപ്രശ്നങ്ങളിൽ കുരുങ്ങി നാട്ടിലേക്കുള്ള മടക്കം മുടങ്ങിയ ഉസ്മാൻ മാരാത്ത് എന്ന കലാകാരന്റെ രണ്ടാം ജന്മമെന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം. ഷമൽ സുലൈമാൻ സംവിധാനം ചെയ്ത്, ഡയറക്ടർ കൂടിയായ സകരിയ നിർമാതാവായ ചിത്രം വ്യാഴാഴ്ചയാണ് ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ പ്രദർശനം ആരംഭിച്ചത്. അതിനും ഒരാഴ്ച മുമ്പ് കേരളത്തിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക അംഗീകാരത്തോടെ പ്രദർശനം പുരോഗമിക്കുമ്പോൾ ഇരട്ടി സന്തോഷം പകരുന്നത് ഉസ്മാന്റെ ഖത്തറിലെ സുഹൃത്തുക്കൾക്കാണ്.
കഴിഞ്ഞ ദിവസം ദോഹയിലെ വിവിധ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളും പരിചയക്കാരും സിനിമ കണ്ട് സന്തോഷവും അഭിനന്ദനവും പങ്കുവെച്ച് വിളിക്കുമ്പോൾ എല്ലാറ്റിനും തൃശൂർ-മലപ്പുറം അതിർത്തിയിലെ അണ്ടത്തോട് വീട്ടിലിരുന്ന് നന്ദി പറയുകയാണ് ഉസ്മാൻ.
ഒരു ബാൻഡ് സംഘത്തിന്റെ ജീവിതത്തിലൂടെ ഭൂമി പ്രശ്നവും കുടിയിറക്കവും ഉൾപ്പെടെ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമ എന്ന നിലയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ നല്ലവാക്കുകൾ ഇതിനകം സിനിമയെ തേടിയെത്തിയിട്ടുണ്ട്. നാട്ടിലെ സുഹൃത്തുക്കളും സാധാരണക്കാരും വരെ സിനിമ കണ്ട് വിലയിരുത്തി അഭിപ്രായം പറയുമ്പോഴും, സമൂഹ മാധ്യമങ്ങളിലും മറ്റും വിശകലനങ്ങൾ പങ്കുവെക്കുമ്പോഴും ചിത്രത്തിന്റെ കഥാകാരൻ എന്ന നിലയിൽ ഉസ്മാന് ഇരട്ടിമധുരം.
നാട്ടിൽ നാടകക്കാരനായും സ്റ്റേജ് പരിപാടികളുമായും നടന്ന കാലത്തിനൊടുവിൽ 2006ൽ ദുബൈക്കാരനായി പ്രവാസ ജീവിതം തുടങ്ങിയ ഉസ്മാൻ 2011ലാണ് ഖത്തറിലെത്തുന്നത്. പരസ്യക്കമ്പനികളിലും മറ്റുമായി ഖത്തറിലെ പ്രവാസ ജീവിതം പുരോഗമിക്കുന്നതിനിടെ നാടകവും ഷോട്ട് ഫിലിമും സ്റ്റേജ് പരിപാടികളുമായി ഇവിടെയും കലാമേഖലയിൽ തിളങ്ങി. പ്രവാചക അനുചരൻ ബിലാലിന്റെ കഥ പറയുന്ന ‘നക്ഷത്രങ്ങൾ കരയാറില്ല’ എന്ന സംഗീത നാടക ആവിഷ്കാരം ദോഹയിലെ പ്രവാസികൾക്കിടയിൽ തരംഗമായപ്പോൾ ഉസ്മാൻ ഹീറോയായി. അതിനിടയിലായിരുന്നു ബിസിനസിലെ തിരിച്ചടികളും നിയമപ്രശ്നങ്ങളും ദുരിതങ്ങളായി ഊരാക്കുടുക്കാവുന്നത്. രണ്ടു മാസത്തോളം ജയിലായി, പിന്നെ നീണ്ട നാലു വർഷത്തിലേറെ യാത്രാവിലക്കും.
സ്വപ്നങ്ങളെല്ലാം കെട്ടടങ്ങിയെന്നുറപ്പിച്ച ഘട്ടത്തിൽ ഉള്ളിലെ കലയും എഴുത്തും കനലായി ജ്വലിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ പ്രേരണ കൂടിയായപ്പോൾ, സിനിമയുടെ സ്വപ്നങ്ങൾ വീണ്ടും സജീവമാക്കി. അങ്ങനെ ദോഹയിൽ വെച്ച് എഴുതി പൂർത്തിയാക്കിയ കഥയാണ് ഇപ്പോൾ ബിഗ് സ്ക്രീനിൽ ഉസ്മാന്റെയും സുഹൃത്തുക്കളുടെയും മനം നിറച്ച് അരങ്ങുതകർക്കുന്നത്.
സാമ്പത്തിക ബാധ്യതകാരണം യാത്രാവിലക്കുണ്ടായിരുന്ന ഉസ്മാന് നിയമക്കുരുക്കഴിച്ച് നാട്ടിലേക്കുള്ള മടക്കയാത്രയുടെ വഴികൂടിയായിരുന്നു സിനിമ. ‘‘ഈ നിമിഷം ഖത്തറിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. സുഹൃത്തുക്കളും മറ്റുമായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ സന്തോഷം പങ്കിട്ടു വിളിച്ചത്. അവർ നൽകിയ സ്നേഹത്തിന്റെ കൂടി വിജയമാണിത്’’ -ഉസ്മാൻ പറയുന്നു.
ഖത്തറിലെ വേദികളിൽ തിളങ്ങിയ നജീബ് കീഴരിയൂരും ഈ ചിത്രത്തിൽ അഭിനേതാവായി വേഷമിടുന്നുണ്ട്. നിർമാണത്തിൽ പങ്കാളിയായതും ഖത്തറിൽനിന്നുള്ള പ്രവാസികൾ തന്നെ.
അഹമ്മദ് ഷാഫി, ഡോ. സൽമാൻ എന്നിവർക്കൊപ്പം പിന്തുണയുമായും ഒരുപിടി ഖത്തറുകാരുണ്ട്. ജാഫർ ഇടുക്കി, ലുഖ്മാൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.